വർക്കല: നാരായണഗുരുകുലത്തിന്റെ നേതൃത്വത്തിൽ ഭാരതീയവും പാശ്ചാത്യവുമായ മതചിന്തകളുടെയും ദർശനങ്ങളുടെയും ഒരു സമന്വയവേദിക്ക് രൂപം നൽകുവാൻ തീരുമാനിച്ചു. ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് സമന്വയവേദിയുടെ അദ്ധ്യക്ഷനായിരിക്കും. എല്ലാ മതദർശനങ്ങളും അവയുടെ അന്തസാരത്തിൽ ഒന്നായിരിക്കെ മതങ്ങളുടെയും വീക്ഷണസമ്പ്രദായങ്ങളുടെയും പേരിൽ മനുഷ്യരെ പലതായി കാണുന്നതുകൊണ്ടുളള വിഭാഗീയതയും മതവിദ്വേഷവും വിധ്വംസകപ്രവർത്തനങ്ങളുമാണ് ലോകം അഭിമുഖീകരിക്കുന്ന സകലവിധ പ്രശ്നങ്ങൾക്കും കാരണം. ഇതിനു പരിഹാരം കാണുന്ന ഒരു സാംസ്ക്കാരിക കൂട്ടായ്മ ഈ കാലഘട്ടത്തിലും എക്കാലത്തും മാനവരാശിയുടെ പുരോഗതിക്കും ഐക്യത്തിനും അത്യന്താപേക്ഷിതമാണെന്ന നാരായണ ഗുരുകുലാംഗങ്ങളുടെയും സന്മനസുകളുടെയും ചിന്തയിൽ നിന്ന് രൂപംകൊണ്ട ആശയമാണ് ദർശനസമന്വയവേദി. ഈ സാംസ്ക്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് നാരായണഗുരുകുല കൺവെൻഷന്റെ സമാപനസമ്മേളനത്തിൽ ഗുരു മുനിനാരായണപ്രസാദ് നിർവ്വഹിക്കും.

ജസ്റ്റിസ് അലക്സാണ്ടർതോമസ്, സി.എച്ച് മുസ്തഫമൗലവി, ഇ.എം.ഹാഷിം, ഡോ.അഷ്റഫ് കടയ്ക്കൽ, സ്വാമി ഋതംഭരാനന്ദ, കവി സെബാസ്റ്റ്യൻ തേനാശേരി, കലാം കൊച്ചേറ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഈ സംരംഭവുമായി സഹകരിക്കാൻ സന്മനസുളളവരുടെ ആലോചനായോഗം 2020 ജനുവരി 19ന് രാവിലെ 10.30ന് ആലുവ അദ്വൈതാശ്രമത്തിൽ ചേരും.

കഴിഞ്ഞ ആറ് ദിവസങ്ങളിലായി നാരായണ ഗുരുകുലത്തിൽ നടന്നുവന്ന കൺവെൻഷൻ ഇന്ന് സമാപിക്കും.