തിരുവനന്തപുരം: മണ്ണ് കടത്ത് - റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തമ്പാനൂർ എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്‌തു. ആരോപണ വിധേയനായ കരമന സി.ഐയെ സ്ഥലം മാറ്റി. തമ്പാനൂർ സ്റ്റേഷനിൽ മണ്ണ് മാഫിയയിൽ നിന്ന് പണം പിരിച്ച് വീതംവച്ചിരുന്ന എ.എസ്‌.ഐ സുരേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. കരമന സി.ഐ ഷാജിമോനെ സിറ്റി ക്രൈംബ്രാഞ്ചിലേക്കും കരമന, പൂജപ്പുര, വട്ടിയൂർക്കാവ് സ്റ്റേഷനുകളിലെ പൊലീസുകാരെ മറ്റിടങ്ങളിലേക്കും മാറ്റി.

കരമന, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസൻ ഉദ്യോഗസ്ഥർക്ക് റിയൽ എസ്റ്റേറ്റ് - മണ്ണ് കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.പി കെ.ഇ. ബൈജു വിജിലൻസ് എ.ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരമന സ്റ്റേഷനിൽ നടന്ന വിജിലൻസ് പരിശോധനയ്‌ക്ക് ശേഷമാണ് സി.ഐയായിരുന്ന ഷാജിമോനെ സിറ്റി ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാത്ത അനധികൃത ലോഡുകൾ പിടിക്കാൻ തയ്യാറാകാതിരുന്നതാണ് കരമന പൊലീസിനെ സംശയനിഴലിലാക്കിയത്. ഒപ്പം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കുകയും ദുരൂഹമരണങ്ങളുണ്ടാകുകയും ചെയ്‌ത കൂടത്തിൽ തറവാട്ടിലെ അന്വേഷണത്തിൽ കരമന പൊലീസ് ജാഗ്രത കാട്ടാതിരുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വാധീനത്തിലായിരുന്നു എന്നും ആരോപണമുണ്ട്.