ആറ്റിങ്ങൽ: ഡിസംബർ ഫെസ്റ്റിൽ ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്നത് നാഷണൽ എസ്.സി/ എസ്.ടി ഹബ് കേരളയുടെ 10 സ്റ്റാളുകളിലാണ്. പവലിയനിൽ പലയിടങ്ങളിലായി ഒരുക്കിയിട്ടുള്ള ഈ സ്റ്റാളുകളിൽ കൂടുതലും ഹാന്റ് മെയിഡ് വസ്തുക്കളാണ് ഒരുക്കിയിട്ടുള്ളത്. മുളകൊണ്ടുള്ള കരകൗശല വസ്തുക്കളായ പുട്ടുകുറ്റി, രാമച്ചം സ്ക്രബ്, വാട്ടർ ബോട്ടിൽ, പൂക്കൾ, പൂക്കൂട എന്നിവയാണ് ഒരു സ്റ്റാളിൽ ക്രമീകരിച്ചിരിക്കുന്നത്. അടുത്തതിൽ തടികൊണ്ടുള്ള വിവിധ വലിപ്പത്തിലുള്ള ആന, തവി, കൈതോല പനമ്പ്, കൈതോല കുട്ട തുടങ്ങിയവ. മറ്റൊന്നിൽ കൈത്തറി സാരിയും മുണ്ടുമാണ്. ഇവയിൽ സാരിയിൽ ഫാബ്രിക് പെയിന്റ് വർക്കുകൾ ചെയ്തത് സ്ത്രീകളെ ഏറെ ആകർഷിക്കുകയാണ്.
മുളകൊണ്ട് മാത്രമുള്ള വിവിധ ഇനം ലൈറ്റ് ഷെയ്ഡുകൾ, ഗ്രാമഫോൺ, വാളും പരിചയും, ഗ്ലാസ്, ജഗ്ഗുകൾ, മുളനാഴി, പ്ലവർ സ്റ്റാന്റ് തുടങ്ങിയവയാണ് ഒരു സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ചൂരൽ കൊണ്ടുള്ള വിവിധ ഇനം കസേരകൾ, സോഫാ സെറ്റ് , ബേബി ചെയർ, ഊഞ്ഞാൽ എന്നിവ കരിച്ചാറയിലെ അവിട്ടം ഗ്രൂപ്പും വൈശാഖം ഗ്രൂപ്പും ഒരുക്കിയിട്ടുണ്ട്. ശെൽവരാജ് മൂപ്പന്റെ ഒറ്റമൂലി സ്റ്റാളാണ് ഈ ശൃംഘലയിലെ മറ്റൊരിനം.
വികാസ് കോട്ടൺ ഷർട്ടുകലുടെ ഒരു സ്റ്റാളും ഇവരുടേതായുണ്ട്. അവിടെ 300 മുതൽ 450 രൂപ വരെയുള്ള ന്യൂജെൻ ഷർട്ടുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓർത്തോ ടിക് ഉപകരണങ്ങളുടെ സ്റ്റാളിൽ ക്രിത്രിമ കാൽ, കൈ, ഡയബറ്റിക് ചപ്പൽ എന്നിവയും പരിചയപ്പെടാൻ പാകത്തിനാണ് എസ്.സി/എസ്.ടി സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.