kovalam

കോവളം: പുതുവർഷാഘോഷത്തിന് കാത്തിരിക്കുന്ന കോവളത്തെ സുരക്ഷാ ക്രമീകരണവും നിരീക്ഷണവും പൊലീസ് ശക്തമാക്കി. ലൈറ്റ് ഹൗസ്, ഹൗവ്വാ, ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നത്. ഇന്ന് രാവിലെ ആരംഭിക്കുന്ന സുരക്ഷാസംവിധാനങ്ങൾ പുതുവത്സര ദിവസം രാവിലെ വരെ തുടരും. സുക്ഷയ്‌ക്കായി 400 പൊലീസുകാരെ വിന്യസിക്കും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ ചുമതല. കൂടാതെ തിരുവല്ലം മുതൽ മുക്കോല വരെ വാഹന പരിശോധനയുമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും മത്സരയോട്ടം നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാതെ മദ്യം, ബീയർ എന്നിവ കച്ചവടം നടത്താനും പാടില്ല. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 31 ന് വൈകിട്ട് 5.30 മുതൽ പാലസ് ജംഗ്ഷൻ മുതൽ സീറോക്ക് ബീച്ച് വരെ ശിങ്കാരിമേളത്തോടു കൂടി ഘോഷയാത്രയും ഇടക്കല്ലിൽ രാത്രിയോടെ കാഴ്ചകളും ഒരുക്കും.

മറ്റ് ക്രമീകരണങ്ങൾ

 ബീച്ചിൽ നടത്തുന്ന കലാപരികൾക്ക് പൊലീസിന്റെ അനുവാദം രേഖാമൂലം വാങ്ങണം

 ഇന്ന് ഉച്ചയ്‌ക്കുശേഷം കോവളം ബീച്ചിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിനു നിയന്ത്രണം

 വലിയ വാഹനങ്ങൾ തീരത്തേക്ക് കടത്തിവിടില്ല

 സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും സാമൂഹ്യ വിരുദ്ധരെയും ആഘോഷം അതിരുവിടുന്നവരെയും കൈയോടെ പിടികൂടാൻ സി.സി.ടിവി കാമറകളും വാച്ച് ടവറുകളും താത്കാലികമായി 10 ഫിക്‌സഡ് കാമറകൾ സ്ഥാപിക്കും

 സി.സി.ടിവി കാമറകൾ കോവളം സ്റ്റേഷനിലിരുന്ന് ഏഴ് പൊലീസുകാർ നിരീക്ഷിക്കും

 പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ എല്ലായിടത്തും ബൾബുകൾ സ്ഥാപിക്കും

 തീരത്തും ഇടറോഡുകളിലും ഇരുചക്രവാഹനങ്ങളിൽ പൊലീസ് പട്രോളിംഗ്

 മഫ്തി, കുതിര പൊലീസുകാരുടെ സേവനം ലഭ്യമാക്കും

 ആംബുലൻസടക്കം ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം തീരത്തുണ്ടാകും

 രാത്രിയിൽ കടലിലിറങ്ങാൻ അനുവദിക്കില്ല