തിരുവനന്തപുരം ലൈഫ് ഭവന പദ്ധതിയിൽ ജനുവരി 26 നു മുമ്പ് രണ്ടു ലക്ഷം വീടുകൾ പൂർത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈഫ് മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക ധനകാര്യ വകുപ്പ് ഉടൻ അനുവദിക്കും.
പൂർത്തിയാകാത്ത വീടുകളുടെ നിർമ്മാണമാണ് ലൈഫിന്റെ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. ഈ പദ്ധതിയിൽ 54,183 ഗുണഭോക്താക്കളാണുള്ളത്. ഇതിനകം തന്നെ 96 ശതമാനം വീടുകളും പൂർത്തിയായി. ലൈഫ് രണ്ടാംഘട്ടം പൂർത്തിയാക്കാൻ സംസ്ഥാന വിഹിതമായി 242.5 കോടി രൂപയാണ് അനുവദിക്കേണ്ടിയിരുന്നത്. ഇതിൽ 68 കോടി രൂപ റിലീസ് ചെയ്തു. ബാക്കി തുക ഉടൻ നൽകും.
സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് പാർപ്പിടം ഒരുക്കാനുള്ള രണ്ടാംഘട്ട പദ്ധതിയിൽ 91,147 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 60,524 വീടുകൾ (66.36 ശതമാനം) പൂർത്തിയായി. 30,623 വീടുകളാണ് രണ്ടാംഘട്ടത്തിൽ ബാക്കിയുള്ളത്. രണ്ടാംഘട്ടത്തിൽ 13,000 വീടുകളുടെ പ്രവൃത്തി മേൽക്കൂരവരെ എത്തിയിട്ടുണ്ട്. 8,000 ത്തോളം വീടുകൾ ലിൻഡൽ ലെവലിൽ എത്തി. ഇവയെല്ലാം ജനുവരിയിൽ പൂർത്തിയാകും. ബാക്കിയുള്ള ഒൻപതിനായിരത്തോളം വീടുകൾ ഫെബ്രുവരി, മാർച്ച് മാസമാകുമ്പോഴേക്കും പൂർത്തിയാകും. രണ്ടാംഘട്ടത്തിലുള്ള പി.എം.എ.വൈ (ഗ്രാമീൺ) വിഭാഗത്തിൽ 17,471 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 94 ശതമാനം വീടുകളും പൂർത്തിയായി. ബാക്കിയുള്ള വീടുകൾ മാർച്ചിനു മുമ്പ് പൂർത്തിയാകും. പി.എം.എ.വൈ (നഗരം) വിഭാഗത്തിൽ 75,887 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 28,334 വീടുകൾ പൂർത്തിയായി. ബാക്കിയുള്ളതിൽ 22,000 വീടുകൾ ജനുവരി 31 നു മുമ്പ് പൂർത്തിയാകും.ഭൂരഹിതരും ഭവനരഹിതരുമായവർക്കു വേണ്ടിയുള്ള മൂന്നാംഘട്ട പദ്ധതിയിൽ ഫ്‌ളാറ്റ് സമുച്ചയമാണ് പണിയുന്നത്. മൊത്തം 1.06 ലക്ഷം ഗുണഭോക്താക്കളാണ് ഈ ഘട്ടത്തിലുള്ളത്.