pavavila

മുടപുരം: പൊട്ടിപ്പൊളിഞ്ഞ് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും പാവവിള എസ്റ്റേറ്റ്‌ റോഡ് റീ ടാർ ചെയ്യാത്തതിൽ നാട്ടിൽ വൻ പ്രതിഷേധം. കിഴുവിലം ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന മുടപുരം പാവവിള എസ്റ്റേറ്റ് റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ഈ റോഡ് ടാർ ചെയ്തിട്ട് പത്തു വർഷം ആകുന്നു. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കൊച്ചാലുംമൂട് തെങ്ങുംവിള റോഡിൽ, വക്കത്തുവിളയിൽ നിന്ന് ആരംഭിച്ച് മുട്ടപ്പലം കുറക്കട റോഡിലെ ത്രിവേണി ജംഗ്ഷനിൽ എത്തിച്ചേരുന്നു.

റോഡാകെ ടാറും മെറ്റലുമിളകി ഗട്ടറുകൾ രൂപപ്പെട്ടു കിടക്കുന്നതിനാൽ വാഹന യാത്ര വളരെ ദുഷ്കരമാണ്. രാത്രിയിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നത് പതിവാണ്. ഒൻപതു വർഷം മുൻപ് എൻ. രഘു ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നപ്പോഴാണ് കിഴുവിലം ഭാഗം ടാർ ചെയ്തത്. പിന്നെ അഴൂർ ഗ്രാമ പഞ്ചായത്ത് ബാക്കിഭാഗം ടാറുചെയ്‌തു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ റോഡ് ഗതാഗത യോഗ്യമല്ലാതായി. 50 ലേറെ കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത് . മുട്ടപ്പലം, ഗാന്ധീസ്മാരം, അഴൂർ, പെരുങ്ങുഴി തുടങ്ങിയ പ്രദേശങ്ങളിൽ പോകുന്നതിനുള്ള ഇട റോഡും ഇതാണ്. മരങ്ങാട്ടുകോണം ദേവീക്ഷേത്രം, തോട്ടത്തിൽ നാഗരുകാവ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നു. മുട്ടപ്പലം പ്രദേശത്തുകാർക്കും മറ്റും വക്കത്തുവിള, കൊച്ചാലുംമൂട് വഴി ആറ്റിങ്ങൽ പോകുന്നതിനും കൊച്ചാലുംമൂട് ഹയർസെക്കൻഡറി സ്കൂളിൽ പോകുന്നതിനും ഈ റോഡിനെ ആശ്രയിക്കുന്നു

മരങ്ങാട്ടുകോണം എലായിലെ കർഷകർ കൃഷിക്കായുള്ള വിത്തും വളവും കാർഷികോപകരണങ്ങൾ, വിളവെടുത്ത കാർഷികോല്പന്നങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നതും ഈ റോഡ് വഴിയാണ്. അതിനാൽ ഈ റോഡിന്റെ പ്രാധാന്യം മനസിലാക്കി ഈ റോഡ് റീ ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.