ശിവഗിരി: 87-ാമത് മഹാതീർത്ഥാടനം ശിവഗിരിയിൽ നാളെ ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുൻനിറുത്തിയുള്ള തീർത്ഥാടനത്തിന് എക്കാലത്തെയും വലിയ തീർത്ഥാടക പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.

30 രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തും. 10ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തീർത്ഥാടന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്റി വി. മുരളീധരൻ മുഖ്യാതിഥിയാകും. മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി സംബന്ധിക്കും.

കലാപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം 30ന് വൈകിട്ട് സിനിമാതാരം ജഗദീഷ് നിർവഹിക്കും. 12 സമ്മേളനങ്ങളാണ് ശിവഗിരിയിൽ നടക്കുന്നത്. മുഖ്യമന്ത്റി പിണറായി വിജയൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേന്ദ്ര മന്ത്റിമാർ, മുൻമന്ത്റിമാർ, ഗവർണർമാർ, ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, ന്യായാധിപന്മാർ തുടങ്ങി പ്രമുഖർ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും.

31ന് വെളുപ്പിന് തീർത്ഥാടന ഘോഷയാത്ര നടക്കും. മഹാസമാധിയിൽ പ്രാർത്ഥനകൾക്ക് ശേഷം ഗുരുദേവ റിക്ഷ നഗരപ്രദക്ഷിണം ആരംഭിക്കും. റിക്ഷയ്ക്ക് പിന്നിലായി പീതാംബരധാരികൾ ഗുരുകീർത്തനങ്ങളുമായി അണിനിരക്കുന്നതോടെ ഘോഷയാത്ര ശിവഗിരി കുന്നിറങ്ങും. 31 രാത്രി 12ന് മഹാസമാധി സന്നിധിയിൽ പുതുവത്സര പൂജയും ഉണ്ടായിരിക്കും.

നാനൂറിൽ പരം പദയാത്രകളാണ് ശിവഗിരിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. തീർത്ഥാടന നഗരിയിൽ ഉയർത്തുന്നതിനുള്ള ധർമ്മപതാക കോട്ടയം എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം മഹാസമാധി സന്നിധിയിലെത്തും. സമ്മേളനവേദിയിലേക്കുള്ള ദിവ്യജ്യോതി കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ശിവഗിരിയിൽ കൊണ്ടുവരും. പതാക ഉയർത്തുന്നതിനുള്ള കൊടിക്കയർ കളവംകോടം ശ്രീശക്തീശ്വരക്ഷേത്രത്തിൽ നിന്ന് ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ശിവഗിരിയിലെത്തിക്കും. സമ്മേളന വേദിയിലേക്കുള്ള ഗുരുദേവ വിഗ്രഹം മൂലൂരിന്റെ വസതിയായ ഇലവുംതിട്ട കേരളവർമ്മ സൗധത്തിൽ നിന്ന് ഇന്ന് വൈകുന്നേരം മഹാസമാധിയിലെത്തും. ഗുരുദേവ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള വസ്ത്രങ്ങൾ ശ്രീലങ്കയിൽ നിന്ന് ശ്രീനാരായണഗുരുദേവ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊണ്ടുവരും.

തീർത്ഥാടന ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 12 വരെ മഹാസമാധി സന്നിധിയിലും ശാരദാമഠത്തിലും ഭക്തജനങ്ങൾക്ക് ദർശനം നടത്താം. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി, വിശ്വശാന്തിയജ്ഞം, അന്നദാനം തുടങ്ങിയ വഴിപാടുകൾക്ക് പ്രത്യേക സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. എല്ലാ വഴിപാട് രസീതുകളും ശിവഗിരിമഠം ബുക്ക്സ്റ്റാളിനും മഹാസമാധിക്കും സമീപത്തുള്ള കൗണ്ടറുകളിൽ ലഭിക്കും. ഭക്തജനങ്ങൾക്ക് ഗുരുപൂജ അന്നദാന പ്രസാദം കഴിക്കുന്നതിനും വിപുലമായ സൗകര്യമുണ്ട്. ഒരേസമയം പതിനായിരത്തോളം പേർക്ക് അന്നദാനപ്രസാദം കഴിക്കത്തക്ക നിലയിൽ പന്തലും ഒരുക്കിയിട്ടുണ്ട്.