കാട്ടാക്കട:കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 21 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറ് സ്ഥാപനങ്ങളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി ഇവരിൽ നിന്ന് പിഴ ഈടാക്കുകയും വീഴ്ച്ച ആവർത്തിക്കാതിരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയുംചെയ്തു.

കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ ഐശ്വര്യ ഹോട്ടൽ അടുക്കള ഭാഗം വൃത്തിഹീനമായിരുന്നു. ഉപയോഗ ശൂന്യമായ ഫ്രിഡ്ജിൽ ഉൾപ്പടെ പാറ്റയും, മറ്റ് പ്രാണികളും നിറഞ്ഞിരുന്നു .മാലിന്യങ്ങൾ നീക്കം ചെയ്യാതെ ചാക്കിൽ കെട്ടിവച്ചിരുന്നത് പരിസരത്തു ദുർഗന്ധത്തിന് കാരണമായി. കാട്ടാക്കട ജംഗ്ഷനിലെ അമ്മാസ് ഹോട്ടലിൽ പുഴുങ്ങിയ മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതും അഴുകിയ പച്ചക്കറികൾ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഡീലക്‌സ് ഹോട്ടലിൽ അടുക്കളയിൽ പാറ്റയും പ്രാണികളും കണ്ടെത്തി. കേടായ നെല്ലിക്കയും നാരങ്ങയും കണ്ടെടുത്തു. കാട്ടാക്കട കെ.എസ്. ആർ.ടി.സി വാണിജ്യ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കാർത്തിക ബേക്കറി ജ്യൂസ് മാനിയ, ലീപ് ആൻഡ് കപ്പ് എന്നീ സ്ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ എലികടിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കാലാവധി കഴിഞ്ഞ കവർ പാൽ,ലെയ്‌സ്,കവർ ചോക്ലെറ്റുകൾ,പഴ വർഗ്ഗങ്ങൾ,ബ്രെഡ്,കേക്കുകൾ, ഡിൽകുഷ്‌,എന്നിവയും കണ്ടെത്തി.ബേക്കറികളിലും,ജ്യൂസ് കടകളിലും ഷാർജ ഉണ്ടാക്കാൻ ഉള്ള സ്ട്രോബെറി ഉൾപ്പടെ ചേരുവകളും, എസൻസുകളും കാലാവധി കഴിഞ്ഞവയാണെന്ന് കണ്ടെത്തി. പഴകിയതും ഉപയോഗ ശൂന്യമായവയും ഉടമകളെ കൊണ്ട് തന്നെ നശിപ്പിച്ചു.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ഒരിക്കൽ നടപടി നേരിട്ട സ്ഥാപങ്ങൾ വീണ്ടും പിടിക്കപ്പെട്ടാൽ കടുത്ത നടപടികളിലേക്ക് ആരോഗ്യ വകുപ്പ് നീങ്ങുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ആമച്ചൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വർഗീസ്,ഗോപിനാഥൻ നായർ,പ്രിയദർശൻ, ഷിജു, ബിനുകുമാർ, നിഷാപോൾ, ആശ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.