കോവളം: ഉത്തരവാദിത്ത ടൂറിസത്തെ ആസ്‌പദമാക്കി പുറത്തിറക്കിയ റാവിസ് 2020 കലണ്ടർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട കേരളീയ ജീവിത മുഹൂർത്തങ്ങളുടെ മനോഹരമായ പുനരാവിഷ്കാരമാണ് കലണ്ടർ എന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകർത്തി, കേരളത്തിന്റെ യഥാർത്ഥ സൗന്ദര്യം ലോകത്തെ അറിയിക്കുക എന്ന ദൗത്യമാണ് റാവിസ് കലണ്ടറിലൂടെ നിറവേറ്റുന്നതെന്ന് ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. രവിപിള്ള പറഞ്ഞു. ക്യൂ ആർ കോഡ് സാങ്കേതിക മികവിൽ ലോകമെമ്പാടും കലണ്ടർ ലഭ്യമാണെന്ന് റാവിസ് ഹോട്ടൽസ് ജനറൽ മാനേജർ അനിൽ ജോർജും ബിസിനസ് എക്സലൻസ് തലവൻ അജിത് നായരും പറഞ്ഞു. ഹരി മോഹൻ, പ്രീമീഷ്, ഭവിഷ്യ, മനേക്ഷാ, ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു.