തിരുവനന്തപുരം: കേരളം കണ്ട മികച്ച ഭരണാധികാരികളിൽ പ്രഥമ സ്ഥാനീയനാണ് വക്കം ബി പുരുഷോത്തമൻ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി മെമ്പറുമായിരുന്ന കാരേറ്റ് ബി. ഹരിദാസ് സ്മാരക പുരസ്കാരം വക്കം പുരുഷോത്തമന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഗവർണർക്ക് എങ്ങനെ ജനകീയനാകാൻ കഴിയുമെന്ന് വക്കം പുരുഷോത്തമൻ തെളിയിച്ചു. ആൻഡമാൻ നിക്കോബാർ ഗവർണറായിരുന്ന കാലത്ത് ദിവസവും രാവിലെ ജനങ്ങളുടെ പരാതി കേട്ട് പരിഹാരം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ശൈലി നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭരണാധികാരി എന്ന നിലയിലും സംഘടനാ നേതാവ് എന്ന നിലയിലും വക്കം എടുത്ത ധീരമായ നിലപാടുകൾ പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വക്കം പുരുഷോത്തമന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അദ്ധ്യക്ഷനായി. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഭാരവാഹികളായ ആനാട് ജയൻ, എം.എ ലത്തീഫ്, കടകംപള്ളി ഹരിദാസ്, ജോൺസൺ ജോസഫ്, എൻബാജി അഭിലാഷ്, സി.ജയചന്ദ്രൻ, കല്ലറ അനിൽകുമാർ, ഉള്ളൂർ മുരളി, ആറ്റിങ്ങൽ അംബി രാജ്, അണ്ടൂർക്കോണം സനൽ, രഘുനാഥൻ നായർ, ബി പവിത്ര കുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമാരായ പ്രവീൺ, വിജയകുമാർ, ലാൽ വെള്ളാഞ്ചിറ, അജയകുമാർ, കെ.ശേഖരൻ, ടി. അർജുൻ, എസ്,എൻ പുരം ജലാൽ, ബാർ അസോസിയേഷൻ ഭാരവാഹികളായ കോലിയക്കോട് മോഹൻകുമാർ, ഉവൈസ് ഖാൻ എന്നിവർ സംസാരിച്ചു