തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും ഓണറേറിയം വർദ്ധിപ്പിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതോടെ അങ്കണവാടി വർക്കർ, മിനി അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ എന്നിവരുടെ പ്രതിമാസ ഓണറേറിയം യഥാക്രമം 12,000, 11,000, 8,000 രൂപയായി.
അങ്കണവാടി വർക്കർ, മിനി അങ്കണവാടി വർക്കർ എന്നിവർക്ക് 500രൂപയും അങ്കണവാടി ഹെൽപ്പർക്ക് 250രൂപയുമാണ് വർദ്ധിപ്പിച്ചത്.ഓണറേറിയം നൽകുന്നതിനായി 29,76,48,000 രൂപ അനുവദിച്ചിട്ടുണ്ട്. ബജറ്റ് വിഹിതം തീരുന്ന മുറയ്ക്ക് അധിക ധനാനുമതിക്കുള്ള ശുപാർശ സമർപ്പിക്കാൻ വനിത ശിശുവികസന ഡയറക്ടർക്ക് നിർദേശം നൽകി. ഇതിലൂടെ 33,115 അങ്കണവാടി വർക്കർമാർക്കും 32,986 ഹെൽപ്പർമാർക്കും പ്രയോജനം ലഭിക്കും.