തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന്റെ നേതൃത്വത്തിൽ 87-ാമത്
ശിവഗിരി തീർത്ഥാടന പദയാത്ര നാളെ ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നാരംഭിക്കും. പദയാത്ര ക്യാപ്ടനും യൂണിയൻ സെക്രട്ടറിയുമായ രാജേഷ് ഇടവക്കോട് പദയാത്ര നയിക്കും. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, യോഗം ഡയറക്ടർമാരായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, യൂണിയൻ ശാഖായോഗം നേതാക്കൾ പദയാത്രയെ അനുഗമിക്കും. രാവിലെ 6.30ന് ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നാരംഭിക്കുന്ന പദയാത്ര ശ്രീകാര്യം, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, അഴൂർ, ശാർക്കര, കായിക്കര, പുത്തൻചന്ത വഴി ചെമ്പഴന്തി, ചിറയിൻകീഴ്, വർക്കല എന്നീ യൂണിയനുകളിലെ വിവിധ ശാഖായോഗങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 8ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. പദയാത്രയിൽ പങ്കെടുക്കുന്ന എല്ലാ ഗുരുദേവ ഭക്തരും നാളെ രാവിലെ 6.30ന് ചെമ്പഴന്തി ഗുരുകുലത്തിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് അറിയിച്ചു.