തിരുവനന്തപുരം: എങ്ങനെ സമരം ചെയ്യണമെന്നു രാഷ്ട്രീയക്കാരെ കരസേനാ മേധാവി ഉപദേശിക്കേണ്ട കാര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. എങ്ങനെ യുദ്ധം ചെയ്യണമെന്ന് കരസേനാ മേധാവിയെ രാഷ്ട്രീയക്കാർ ഉപദേശിക്കാറില്ല. പട്ടാളക്കാർ രാഷ്ട്രീയത്തിൽ ഇടപെടരുത്.അവർ യൂണിഫോമിൽ സ്വന്തം ജോലി ചെയ്യണം- ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
യു.പി.എ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന തടങ്കൽ മതിയായ രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. അതും ഇപ്പോൾ നടപ്പിലാക്കുന്നതും രണ്ടാണ്.
ദേശീയ ജനസംഖ്യാ റജിസ്റ്ററിൽ (എൻ.പി.ആർ) യുപിഎ സർക്കാരിെന്റ കാലത്ത് 15 മേഖലകൾ ഉണ്ടായിരുന്നത് ഇപ്പോൾ 21 ആക്കി. അവസാനം താമസിച്ച സ്ഥലം, മാതാപിതാക്കളുടെ ജനന സ്ഥലം,ഡ്രൈവിംഗ് ലൈസൻസിെന്റയും വോട്ടർ ഐ.ഡിയുടെയും വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ എൻ.പി.ആറിനു വേണ്ടി ശേഖരിക്കുന്നതിൽ കേന്ദ്രത്തിനു പ്രത്യേക അജണ്ടയുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതുമായി സഹകരിക്കില്ല.സംസ്ഥാന ജീവനക്കാരാണ് കണക്കെടുപ്പ് നടത്തേണ്ടത്.പ്രത്യേക സാഹചര്യം മൂലം ജീവനക്കാരെ വിട്ടുനൽകാനാവില്ലെന്ന നിലപാട് സംസ്ഥാന സർക്കാരുകൾക്കു സ്വീകരിക്കാനാകും.അങ്ങനെയെങ്കിൽ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ല. പൗരത്വ നിയമത്തിലെ ഭേദഗതി മരവിപ്പിക്കുകയും എൻ.ആർ.സി ഉപേക്ഷിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരും.
പൗരത്വ നിയമത്തെക്കുറിച്ച് കേന്ദ്രസർക്കാർ പല ശബ്ദത്തിലാണ് സംസാരിക്കുന്നത്. ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതു നടപ്പാക്കുകയും 2024ൽ എല്ലാ വിദേശികളെയും പുറത്താക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പല വേദികളിലും പറഞ്ഞത്.
എൻ.ആർ.സി രാജ്യത്തെ വിഭജിക്കും. ഇതിലൂടെ അസമിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പു ജയിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. പൗരത്വത്തിനു മതം പരിഗണിക്കുന്നത് അപലപനീയമാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് രാജ്യമില്ലാത്ത അവസ്ഥവരും. നിയമം നടപ്പാക്കിയ അസമിൽ സംഭവിച്ചത് രാജ്യത്തൊട്ടാകെ സംഭവിക്കും. അസമിൽ തടങ്കിൽ പാളയം നിർമിക്കാൻ 46 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇത്തരത്തിൽ പുറത്താക്കപ്പെടുന്നവരെ തടങ്കൽ പാളയത്തിൽ എന്തു ചെയ്യും? അവരുടെ മക്കൾക്ക് എന്തു സംഭവിക്കും? ഏതെങ്കിലും രാജ്യം അവരെ സ്വീകരിക്കുമോ? ചിദംബരം ചോദിച്ചു.
യു.പിയിൽ പൊലീസുകാർ വെടിെവയ്ക്കാതെ 21 പേർ മരിച്ചെന്നാണു ഡി.ജി.പി പറയുന്നത്. അങ്ങനെ സംഭവിച്ചെങ്കിൽ അത് മാജിക് തോക്ക് ആയിരിക്കണം.
ബി.ജെ.പിക്കെതിരെ ദൽഹിയിൽ ഒന്നിച്ചുനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിനും സി.പി.എമ്മിനും പൊതു പ്രവർത്തനപരിപാടി ഇല്ല. ബി.ജെപിയെ പോലെ സി.പി.എമ്മും ഫാസിസ്റ്റ് പാർട്ടിയാണെന്നാണ് കെ.പി.സി.സി പറയുന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ബി.ജെ.പി ഫാസിറ്റ് പാർട്ടിയും സി.പി.എം കമ്യൂണിസ്റ്റ് പാർട്ടിയുമാണെന്നായിരുന്നു മറുപടി. ചില പ്രശ്നങ്ങളിൽ സി.പി.എമ്മിനെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഫാസിറ്റ് പാർട്ടിയെന്നു വിളിച്ചിട്ടുണ്ടാകാം. കേരളത്തിൽ പൗരത്വ നിയമ വിഷയത്തിൽ ഒന്നോ രണ്ടോ വേദികളിൽ എൽ.ഡി.എഫുമായി സഹകരിച്ച് യു.ഡി.എഫ് സമരം ചെയ്യുന്നതിൽ തെറ്റില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണു പോരാട്ടം. നോട്ടയ്ക്കു വോട്ടു കിട്ടുന്നതു പോലെ ബി.ജെ.പിക്ക് കുറച്ചു വോട്ടു കിട്ടുമെന്നു മാത്രം- ചിദംബരം പറഞ്ഞു.