തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിനുസമീപം കല്ലിയൂർ ജംഗ്ഷൻ മുതൽ ശാസ്താംകോവിൽ നടവരെ റോഡുവക്കിലും ഒാടകളിലും കോഴി മാലിന്യങ്ങളും മറ്റ് ഇറച്ചി വേസ്റ്റുകളും നിക്ഷേപിക്കുന്നു.

മൂന്ന് ദിവസമായി മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണ്.

മാലിന്യങ്ങൾ ജീർണിച്ച് പുഴുവരിച്ച നിലയിലാണ്. ദുർഗന്ധം കാരണം വഴിയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് ഈ വഴി പോകുന്നത്. നേമം പൊലീസ് ഇവിടെയുള്ള കാമറകൾ പരിശോധിച്ചാൽ മാലിന്യനിക്ഷേപകരെ പിടികൂടാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. കല്ലിയൂർ പഞ്ചായത്ത് ഉണർന്ന് പ്രവർത്തിക്കണമെന്ന് എ.പി.ജെ. അബ്ദുൽ കലാം സാംസ്കാരിക സമിതി പ്രസിഡന്റ് വള്ളംകോട് ഒാമനക്കുട്ടൻ ആവശ്യപ്പെട്ടു.