തിരുവനന്തപുരം: പൗരത്വനിയമത്തെ അനുകൂലിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും അദ്ദേഹത്തിന്റെ ആർജ്ജവത്തിനു മുന്നിൽ ശിരസ് നമിക്കുന്നതായും മിസോറം ഗവർണർ പി.എസ് .ശ്രീധരൻപിള്ള പറഞ്ഞു. 'എഴുത്ത് ' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രപതി ഒപ്പിട്ട ഒരു നിയമം ശരിയല്ലെന്ന് പറയാൻ ഗവർണർക്കു കഴിയില്ല. ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യം പറയാൻ അവകാശമുള്ള രാജ്യത്താണ് ഗവർണർക്ക് മിണ്ടാൻ പാടില്ലെന്നു പറയുന്നത്. സത്യം ചെരിപ്പിടും മുൻപേ അസത്യം ലോകം ചുറ്റി എന്നു പറഞ്ഞതു പോലെയാണ് കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ. കേരളത്തിന്റെ മുഖമുദ്ര വിവാദവും അപവാദവുമായി മാറിയിരിക്കുന്നു. കേരളം വികസിക്കണമെങ്കിൽ രാഷ്ട്രീയ അതിപ്രസരം ഇല്ലാതാകണമെന്ന് അബ്ദുൽ കലാം പറഞ്ഞത് ഓർമിക്കപ്പെടണം . കേരള ഗവർണറെ അനുകൂലിച്ചതിന്റെ പേരിൽ തനിക്കെതിരെ കറുത്തകൊടി പിടിക്കാൻ ആരെങ്കിലും വന്നാലും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.