തിരുവനന്തപുരം: പുതുവർഷത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നഗരസഭ ബോധവത്കരണ കാമ്പയിൻ തുടങ്ങി. ചാല, പാളയം, പേരൂർക്കട തുടങ്ങിയ വ്യാപാര കേന്ദ്രങ്ങളിലാണ് ബോധവത്കണം. ചാല മാർക്കറ്റിൽ നടന്ന പരിപാടി മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. സുദർശനൻ, സിമി ജ്യോതിഷ്, കൗൺസിലർ ആർ. സുരേഷ്, ഹെൽത്ത് സൂപ്പർവൈസർമാരായ എസ്. പ്രകാശ്, അജിത്ത് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഗ്രീൻ ആർമി പ്രവർത്തകർ, സ്‌കൗട്ടസ് ആൻഡ് ഗൈഡ്‌സ്, നഗരസഭാ ശുചീകരണ തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സംഘം ചാലയിലെ വ്യാപാരികളേയും പൊതുജനങ്ങളേയും കണ്ട് സഹായമഭ്യർത്ഥിച്ചു. പ്ലാസ്റ്റിക്ക് ക്യാരി ബാഗുമായെത്തിവർക്ക് പകരം തുണിസഞ്ചികൾ നൽകി. വ്യാപാരികൾക്ക് തുണി സഞ്ചികളും ലഘുലേഖകളും കൈമാറി.
പാളയം മാർക്കറ്റിൽ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജന്റെ നേതൃത്വത്തിലും പേരൂർക്കട മാർക്കറ്റിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബുവിന്റെ നേതൃത്വത്തിലും ബോധവത്കണം നടത്തി.
നിയമം ലംഘിച്ചാൽ കീശ കാലിയാകും
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് ജനുവരി 1 മുതൽ നിരോധിക്കുന്നത്. ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തും. പ്ലാസ്റ്റിക്ക്, നോൺവൊവൻ പോളിപ്രൊപ്പലീൻ ക്യാരിബാഗുകൾ, പ്ലാസ്റ്റിക്ക് മേശവിരികൾ, പ്ലാസ്റ്റിക്ക് സ്റ്റൈറോഫോം എന്നിവ കൊണ്ടുള്ള ഡിസ്‌പോസിബിൾ പ്ലേറ്റ്, കപ്പ്, സ്‌പൂൺ, ഫോർക്ക്, സ്‌ട്രോ, ഡിഷ്, ബൗൾ, ഗാർബേജ് ബാഗ്, പി.വി.സി ഫ്ളക്‌സ്, പ്ലാസ്റ്റിക്ക് വാട്ടർ പൗച്ച്, പ്ലാസ്റ്റിക്ക് ജ്യൂസ് പാക്കറ്റുകൾ, 300 മി.ലി താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ തുടങ്ങിയവയാണ് നിരോധിച്ചിട്ടുള്ളത്.
2017 മാർച്ച് 1 മുതൽ നഗരത്തിൽ പ്ലാസ്റ്റിക്ക്, നോൺവോവൻ പോളിപ്രൊപ്പലീൻ ക്യാരിബാഗുകൾക്ക് നിരോധനമുണ്ട്. നഗരത്തിലെ സത്കാരങ്ങളിലും ആഘോഷങ്ങളിലും ഹരിതചട്ടം കർശനമാക്കി.