elope

കോവളം : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്ന സ്ത്രീയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് കേസെടുക്കാൻ കോടതിയുടെ ഉത്തരവ്. ബാലരാമപുരം നാച്ചിവിളാകം തിയന്നൂർക്കോണം സ്വദേശികളായ ശാലിനി (34) ഇവരുടെ സുഹൃത്തായ രതീഷ് (34) എന്നിവർക്കെതിരെ നിയമ നടപടിയെടുക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. വണ്ടിത്തടം പാപ്പാൻഞ്ചാണിയിലുളള ഒരു ബന്ധുവിന്റെ വീട്ടിൽ രണ്ട് മാസത്തോളം താമസിച്ചിരുന്ന ശാലിനി കഴിഞ്ഞ 5ന് രതീഷിനൊപ്പം പോവുകയായിരുന്നു. ശാലിനിയെ കാണാത്തതിനെ തുടർന്ന് ബന്ധുവായ സ്ത്രീ തിരുവല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് തിരുവല്ലം എസ്.എച്ച്.ഒ. വി. സജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പെൺകുട്ടികൾ ഇപ്പോൾ അച്ഛന്റെ സംരക്ഷണയിലാണെന്ന് പൊലീസ് കോടതിക്ക് മുമ്പാകെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.