തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും
ശിവഗിരി:മഞ്ഞയണിഞ്ഞ ശിവഗിരിക്കുന്നുകളെയും തീർത്ഥാടക ലക്ഷങ്ങളുടെ അനുസ്യൂത പ്രവാഹത്തെയും സാക്ഷി നിറുത്തി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 87-ാമത് മഹാ തീർത്ഥാടനത്തിന് ഇന്ന് ശിവഗിരിയിൽ തുടക്കമാവും.
രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധി പീഠത്തിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം എന്നിവയ്ക്കു ശേഷം 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തും. 10 മണിക്ക് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു തീർത്ഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്റി വി.മുരളീധരൻ മുഖ്യാതിഥിയായിരിക്കും. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി, തീർത്ഥാനകമ്മിറ്റിയുടെ വർക്കിംഗ് ചെയർമാൻ കെ.ജി.ബാബുരാജ്, രക്ഷാധികാരി ഗോകുലംഗോപാലൻ എന്നിവർ സംസാരിക്കും. സ്വാമി പരാനന്ദ തീർത്ഥാടനവേദിയിൽ ഭദ്രദീപം കൊളുത്തും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ഖജാൻജി സ്വാമി ശാരദാനന്ദ നന്ദിയും പറയും. കൗമുദി ടിവി സംപ്രേക്ഷണം ചെയ്ത മഹാഗുരു മെഗാ പരമ്പരയുടെ ഡി.വി.ഡി സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ശിവഗിരി മഠം പ്രസിദ്ധീകരിക്കുന്ന ഗുരുദേവകൃതികളുടെ വലിയ അക്ഷരത്തിലുളള ആദ്യ പതിപ്പും ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന സ്വാമി വിശുദ്ധാനന്ദയുടെ ഗുരുദർശനത്തിന്റെ പ്രകാശം പരത്തുന്ന ചിന്തകളുടെ സമാഹാരമായ 'ജീവിതം ധന്യമാകട്ടെ'യും പ്രകാശനം ചെയ്യും. ലോകമലയാളികൾക്കു വേണ്ടി ഹൈക്കോടതി അഭിഭാഷകൻ വി.ജയപ്രദീപ് തയ്യാറാക്കിയ നിയമബോധവൽക്കരണ സഹായ വെബ്ബ്സൈറ്റിന്റെ ഉദ്ഘാടനം സ്വാമി വിശുദ്ധാനന്ദയും കേന്ദ്രമന്ത്റി വി.മുരളീധരനും ചേർന്ന് നിർവഹിക്കും.അറിവ്,ആരോഗ്യം,ആത്മീയത എന്നീ ആശയങ്ങളെ മുൻനിറുത്തിയുള്ള തീർത്ഥാടനത്തിന് എക്കാലത്തെയും വലിയ
തീർത്ഥാടക പ്രാവാഹമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.