വെള്ളറട: നീണ്ട 35 വർഷങ്ങൾക്കുശേഷമാണ് വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 1984 - 85 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ആ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേർന്നത്. പലരും പഴയ ഓർമ്മകൾ പുതുക്കാൻ അദ്ധ്യാപകരുമായി ഓടിനടന്നു. ഇപ്പോൾ അൻപതുകഴിഞ്ഞവർ, കുട്ടികളും പേരകുട്ടികളുമായാണ് ഒരുവട്ടം കൂടിയെന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.
345 കുട്ടികളാണ് അന്ന് പഠിച്ചിരുന്നത്. എന്നാൽ ഇന്നലെ 100 പേരാണ് കുടുംബവുമായി ഒത്തുചേരലിൽ പങ്കെടുത്തത്. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടിയുടെ ഉദ്ഘാടനം നിലവിളക്കുകൊളുത്തി മുതിർന്ന റിട്ട. അദ്ധ്യാപകനായ ടി. കെ. ശിവരാമൻ നായർ നിർവഹിച്ചു. ഉദ്ഘാടനം സമ്മേളനം സ്കൂൾ മാനേജർ ബൈജുപ്പണിക്കർ നിർവഹിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഡി. പ്രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ് റിച്ചാർഡ് സെൻ, പ്രിൻസിപ്പൽ അപർണ കെ. ശിവൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് സിദ്ദിഖ് ഖാൻ സ്വാഗതവും ബി. രാജേന്ദ്രപ്രസാദ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഗുരുവന്ദനം നടന്നു. അന്ന് പഠിപ്പിച്ചിരുന്ന ഏകദേശം അദ്ധ്യാപകരും പങ്കെടുത്തു. കൂട്ടുകാരുടെ പരിചയപെടലിനുശേഷം സദ്യയും കഴിഞ്ഞ് അദ്ധ്യാപകർ പിരിഞ്ഞു. പത്തുമണിക്ക് മുമ്പ് സ്കൂളിൽ എത്തുന്നതിന് വർഷങ്ങൾക്കുമുമ്പ് കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിച്ചിരുന്ന അദ്ധ്യാപകരിൽ ചിലർ ഇന്ന് വാഹനങ്ങൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ബസു കയറിയാണ് പരിപാടിക്ക് എത്തിയത്. ഞങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥികൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നത് 35 വർഷങ്ങൾക്കുശേഷം നേരിൽക്കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങളുടെയും മക്കളുടെയും കലാപരിപാടികളും നടന്നു.