ആറ്റിങ്ങൽ: തലമുറകളുടെ ആഘോഷ സംഗമ ഭൂമിയായി കേരളകൗമുദി ആറ്റിങ്ങലിൽ സംഘടിപ്പിക്കുന്ന ഡിസംബർ ഫെസ്റ്റിന്റെആരവം എങ്ങും അലയടിക്കുകയാണ്. കുട്ടികളും യുവാക്കളും പ്രായമായവരും ഓരേ മനസോടെ മേളയെ സ്വീകരിച്ചതിന് തെളിവാണ് ഇവിടുത്തെ വിനോദ- വിപണന- പ്രദർശന സ്റ്റാളുകളിലെ തിരക്ക്. ഞായറാഴ്ച ദിവസമായ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ക്രിസ്മസ്- ന്യൂ ഇയർ ദിനരാത്രങ്ങളിലെ ആറ്റിങ്ങൽ പട്ടണത്തിന്റെ ആഘോഷം ഒരു കുടക്കീഴിലേക്ക് സംഗമിപ്പിച്ചാണ് ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ ഡിസംബർ ഫെസ്റ്റ് നടന്നു വരുന്നത്.

ഇക്കഴിഞ്ഞമാസം 20ന് അഡ്വ. അടൂർപ്രകാശ് എം.പി ,​ അഡ്വ.ബി.സത്യൻ എം.എൽ.എ എന്നിവർ പ്രദർശന സ്റ്റാളും നഗരസഭാ ചെയർമാൻ നിലവിളക്ക് തെളിച്ച് തിരിതെളിച്ച് സമ്മേളന ഉദ്ഘാടനം നിർവഹിച്ച മേള ആറ്റിങ്ങൽ നഗരവും സമീപ പഞ്ചായത്തുകളും ഓന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു.

കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് ഫെസ്റ്റിന്റെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. ജനമനസ് കീഴടക്കിയ ഫെസ്റ്റ് ചരിത്ര നഗരിയായ ആറ്റിങ്ങലിൽ മറ്റൊരു ചരിത്രം എഴുതി ചേർത്ത് ജനം വൻ വിജയമാക്കിക്കഴിഞ്ഞു.

സ്ഥിരം മേളകളിൽ നിന്നും വ്യത്യസ്ഥമായ കാഴ്ചകളും അനുഭവങ്ങളും ഒരുക്കി വച്ചാണ് ഡിസംബർ ഫെസ്റ്റ് കുതിക്കുന്നത്. ക്രിസ്മസ്-പുതുവർഷ ആഘോഷത്തിന്റെ ജനകീയ സംഗമമാണ് കഴിഞ്ഞു പോയ നാളുകളിൽ ഇവിടെ കണ്ടത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നതിന് തെളിവാണ് ഓരോദിവസവും ഉണ്ടാകുന്ന ജനബാഹുല്ല്യം.

നഗരത്തിരക്കിനിടയിൽ കുടുംബാംഗങ്ങൾക്കൊപ്പം സുരക്ഷിതമായും സ്വതന്ത്രമായും ആഹ്ലാദകരമായ ആഘോഷ നിമിഷങ്ങളാണ് ഡിസംബർ ഫെസ്റ്റ് സന്ദർശകർക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. നൂറോളം വരുന്ന പ്രദർശന വിപണന സ്റ്റാളുകളിൽ കൈയുറ മുതൽ കാൽസ്രായി വരെ തിരഞ്ഞെടുക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. കണ്ണിനും മനസിനും ആഹ്ലാദമേകി ഗിന്നസ് ജേതാവിന്റെ നാണയ പ്രദർശനവും കൊക്കടൈൽ പക്ഷികളും വിദേശ ലൗബേർഡുകളും വിവിധ ഇനം പട്ടിക്കുട്ടികളും അലങ്കാര കോഴികളും മേളയെ ത്രസിപ്പിക്കുകയാണ്. സേഫ്റ്റി പിൻമുതൽ മുടി വളരാനുള്ള പ്രകൃതിദത്ത എണ്ണവരെ ഇവിടെയുണ്ട്. ഇവയെല്ലാം കുട്ടികൾക്കും മുതിർന്നവർക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.

ക്രിസ്മസ്- ന്യൂ ഇയർ ‘പർച്ചയിസിംഗ്’ ആഗ്രഹിച്ചവർക്ക് വലിയ അനുഗ്രഹമായി ഫെസ്റ്റ് മാറി. മനം നിറയ്ക്കുന്ന കാഴ്ചകൾക്കൊപ്പം രുചികരമായ സ്നാക്സ് കഴിച്ച് കലാസന്ധ്യ ആസ്വദിക്കാനായി നിരവധിപേരാണ് വൈകുന്നേരങ്ങളിൽ കലാവേദിക്കു ചുറ്റും കൂടുന്നത്.