കാട്ടാക്കട: ശാസ്‌താംകോട്ട ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കോടതി ഉത്തരവിൻ പ്രകാരം കോട്ടൂരിൽ എത്തിച്ച് ചികിത്സയിലായിരുന്ന 26 വയസുള്ള നീലകണ്ഠൻ എന്ന കൊമ്പനാന ചരിഞ്ഞു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് വിവരം പുറത്തു വന്നത്. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലന്ന് അധികൃതർ ചീഫ് ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചിരുന്നു.
ഇരുനൂറോളം ഉത്സവങ്ങൾക്ക് എഴുന്നെള്ളിയ നീലകണ്ഠന് മുൻവശത്തെ ഇടതു കാൽമുട്ട് മടക്കാൻ കഴിയാത്തതും പാദം മടങ്ങാത്തതും നീരും മസിലുകൾക്കുള്ള വേദനയുമാണ് ഈ ദുരിതം നൽകിയത്. കോട്ടൂരിലെത്തുമ്പോൾ വേദന സഹിച്ചും നീലകണ്ഠൻ രണ്ടാം പാപ്പാൻ മനീഷ് നൽകുന്ന നിർദേശം അനുസരിച്ചിരുന്നു. നിരന്തര പരിചരണത്തിലൂടെ ഒരുവിധമെങ്കിലും ആയാസ രഹിതമായി നടത്തിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകിയിരുന്നു.
ശാസ്താംകോട്ട ധർമശാസ്താക്ഷേത്രത്തിൽ വർഷങ്ങൾക്കു മുൻപ് നടക്കിരുത്തിയ നീലകണ്ഠന് കാലിനു പരിക്കേറ്റപ്പോൾ മുതൽ കൃത്യമായ ചികിത്സ നൽകാതെ ചങ്ങലക്കിട്ട് ആരോഗ്യനില മോശമാക്കിയതായി ആരോപണമുണ്ട്. നീലകണ്ഠന്റെ ദുരിത വാർത്ത പുറത്തുവന്നതോടെ ആന പ്രേമികൾ ഹൈക്കോടതിയിൽ ഹർജി നൽകുകയും വിദഗ്ദ്ധ സംഘം എത്തിചികിത്സ നൽകുകയും ചെയ്തിരുന്നു. ചികിത്സ നൽകുന്നതിനായി ആനകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ച് സൗകര്യങ്ങളുളള കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു. രണ്ടാഴ്ച് മുൻപാണ് ആന കൂടുതൽ അവശനിലയിലായത്. ഇവിടെയെത്തുമ്പോൾ ഇടതു കാലിലെ ഗുരുതര പ്രശ്നങ്ങൾക്ക് പുറമെ വലതു കാലിൽ വ്രണങ്ങൾ ഉണ്ടായിരുന്നു. വ്രണങ്ങൾ 80 ശതമാനത്തോളം കരിഞ്ഞിരുന്നു. എന്നാൽ ബലക്കുറവ് കൂടുതൽ ആനയുടെ സ്ഥിതി വഷളാക്കിയിരുന്നു. ദിവസം കഴിയുംതോറും ആഹാരം എടുക്കാത്ത അവസ്ഥയും ക്രമേണ ക്രയിൻ ഉപയോഗിച്ചുപോലും നിറുത്താൻ കഴിയില്ലന്ന അവസ്ഥയും വന്നു. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി ആന കൂടുതലും കിടപ്പായി. തുടർന്ന് ഞായറാഴ്ച രാവിലെ 9.30 ഓടെ ആന ചരിയുകയായിരുന്നുവെന്നു ആർ.ഒ. സതീശൻ പറഞ്ഞു. ചീഫ് വെറ്ററിനറി ഡോക്ടർ ഈശ്വരന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി സംസ്കരിക്കും.
ഫോട്ടോ.........................കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ ചരിഞ്ഞ നീലകണ്ഠൻ.