വെഞ്ഞാറമൂട്: അവശരെയും, അശരണരെയും സഹായിക്കുക എന്ന സന്ദേശം ഉൾക്കൊണ്ട് ഇത്തവണത്തെ ക്രിസ്മസ് ശ്രീചിത്രാ ഹോമിലെ അന്തേവാസികൾക്കൊപ്പം ചെലവഴിച്ച് ലൂർദ് മൗണ്ട് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥികൾ. കേരള പിറവി ദിനത്തിൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് സമാഹരിച്ച തുക ഹോം സൂപ്രണ്ടിനെ ഏൽപ്പിച്ചും തങ്ങൾ സമാഹരിച്ച വസ്ത്രങ്ങളും അവശ്യസാധനങ്ങളും അന്തേവാസികൾക്കു നൽകിയും കുട്ടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകർന്നു. ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിനുതകുന്ന മാതൃക പൗരൻമാരായി വളരാൻ കുട്ടികളെ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത സ്കൂൾ മനേജർ ബ്രദർ ജയിൽസ് തെക്കെമുറി അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ മറിയാമ്മ ജോർജ്, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.