തിരുവനന്തപുരം: പ്രത്യേക നിയമസഭ കൂടി കേന്ദ്ര സർക്കാരിന്റെ പൗരത്വബിൽ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരു സർവകക്ഷി പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണണമെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരിൽ കേസുകൾ ചുമത്തുരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ഈ സന്ദർഭത്തിൽ ചുമത്താതിരിക്കാനുള്ള പ്രത്യേക നടപടികൾ ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
സർവ കക്ഷിയോഗത്തിന് എത്തിയ മുസ്ലിം സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചെന്നിത്തല കന്റോൺമെന്റ് ഹൗസിൽ വിളിച്ചു കൂട്ടി. ഒറ്റക്കെട്ടായി സമരം ചെയ്യുമ്പോൾ വേറെ യോഗം വിളിച്ചു ചേർക്കുന്നത് ശരിയാണോ എന്നു മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇപ്പോൾ മതന്യൂന പക്ഷങ്ങൾക്ക് ആശങ്കയുള്ളതുകൊണ്ടാണ് അവരുടെ യോഗം മാത്രം വിളിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.