pinarayi-vijayan
PINARAYI VIJAYAN

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തേണ്ട പരിപാടികൾ ആലോചിക്കാനും യോജിച്ച പ്രക്ഷോഭത്തിൽ തീരുമാനമെടുക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഇന്നലെ ചേർന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ യോഗം ചുമതലപ്പെടുത്തി. ഏതെല്ലാം മേഖലകളിൽ സംയുക്ത പ്രക്ഷോഭം നടത്താനാകുമെന്ന് ആലോചിക്കും. നിയമ ഭേദഗതിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കണമെന്നും നിയമസഭ വിളിച്ചുചേർത്ത് ചർച്ച ചെയ്യണമെന്നും നിർദ്ദേശമുണ്ടായി. കോടതിയെ സമീപിക്കുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒരുമിച്ചിറങ്ങേണ്ട ഘട്ടമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരം പ്രക്ഷോഭത്തെ രാജ്യം മാതൃകയാക്കുന്ന നില വരും. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നീക്കം കേരളത്തിൽ വിലപ്പോകില്ല. പ്രക്ഷോഭത്തിന് ആളുകളെ സംഘടിപ്പിക്കുമ്പോൾ ആവശ്യമില്ലാത്തവർക്ക് ഇടം നൽകരുത്.

വർഗീയ, തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും ഇതിനെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്ട്രിക്കായി തയ്യാറാക്കിയ ചോദ്യാവലി ഭീതിയുണ്ടാക്കുന്നതാണ്. മരണമട‍ഞ്ഞവരുടെ ജനനത്തീയതി വരെ ചോദിച്ച് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഇത്തരം ആശങ്കകൾ അകറ്റാൻ സർക്കാർ വിപുലമായ പ്രചാരണം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മന്ത്രിമാരായ എ.കെ. ബാലൻ,​കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ,​ സാമുദായിക,​ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. കുഞ്ഞാലിക്കുട്ടി,​ കൊടിക്കുന്നിൽ സുരേഷ്,​ എൻ.കെ. പ്രേമചന്ദ്രൻ,​ സി.കെ. നാണു,​ കാനം രാജേന്ദ്രൻ, കെ.എൻ. ബാലഗോപാൽ, ആലിക്കുട്ടി മുസലിയാർ, സി.കെ. വിദ്യാസാഗർ, ആലുവിള അജിത്, വാവറമ്പലം സുരേന്ദ്രൻ, ഫാദർ മാത്യു മനക്കണ്ടം, മോൻസ് ജോസഫ്, ഫൈസി ഹാജി, ഡോ. സി. ജോസഫ്, അഡ്വ. സജയൻ, ജി. ദേവരാജൻ, സി.പി. ജോൺ, സലാഹുദ്ദീൻ മദനി, രാമഭദ്രൻ, രാധാകൃഷ്ണൻ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഫാദർ സോണി, ഡോ. ഫസൽ ഗഫൂർ, കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു.