kodiyeri
kodiyeri

തിരുവനന്തപുരം: പദവിക്കു നിരക്കാത്തതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വഹിക്കുന്ന പദവിയുടെ പരിമിതി തിരിച്ചറിയാനാവുന്നില്ലെങ്കിൽ രാജിവച്ച് പൂർണസമയ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ് വേണ്ടതെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടനാ പദവി വഹിക്കുന്നവർ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങൾ പരസ്യമായി ലംഘിക്കുകയാണ് ഗവർണർ ചെയ്യുന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിക്കായി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച്,​ രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തത്. ചെറുപ്പത്തിൽത്തന്നെ എം.പി ആയിരുന്നതുകൊണ്ട് രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്. അന്നത്തെ രാഷ്ട്രീയ പ്രവർത്തനമല്ല ഇപ്പോൾ വഹിക്കുന്ന ഭരണഘടനാ പദവി ആവശ്യപ്പെടുന്നതെന്ന് ഗവർണ‌‌ർ തിരിച്ചറിയണം.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതിൽ ബി ജെ പി നേതൃത്വത്തെ പോലെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികൾ. മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. പാർലമെന്റ് പാസാക്കിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമാണോ എന്നു പരിശോധിക്കാനുള്ള അവകാശം സുപ്രീം കോടതിക്കാണ്. ഭരണഘടന ഗവർണർ‌ക്ക് അത്തരം സവിശേഷാധികാരം നൽകുന്നില്ല- കോടിയേരി പറഞ്ഞു.