1

തിരുവനന്തപുരം: ലോക കേരള മാദ്ധ്യമ സഭയുടെ ഭാഗമായി കേരള മീഡിയ അക്കാഡ‌മിയും നോർക്കയും സംയുക്തമായി അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന 'പ്രവാസ കാഴ്ച' മൾട്ടിമീഡിയ എക്‌സിബിഷന് തുടക്കമായി. പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് സരസ്വതി ചക്രവർത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകൾ വിവരിക്കുന്ന 120 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.
മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സരസ്വതി ചക്രവർത്തി, രവി രവീന്ദ്രൻ, ബി. മുസ്തഫ, എ.കെ. ബിജുരാജ്, വി.കെ. ഷെഫീർ തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിൽ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിന്റെ മുഖ്യാകർഷണം. 1940 ൽ തുടങ്ങി 2019 ഡിസംബർ വരെയുള്ള ചരിത്ര - വർത്തമാനകാല ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ പ്രവാസി കാഴ്‌ച ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. നാളെ വരെയാണ് പ്രദർശനം. രാവിലെ 10 മു​തൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് ചിത്രങ്ങൾ ആസ്വദിക്കാം. പ്രവേശനം സൗജന്യമാണ്.