c-m-pinarayi
pinarayi

തിരുവനന്തപുരം: മതസ്വഭാവമുള്ള കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ മറയ്ക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും പൗരത്വ ദേദഗതി നിയമത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം നേതാവ് ബി.എസ്. രാജീവിന്റെ പേരിൽ ആരംഭിച്ച ബി.എസ് രാജീവ് ട്രസ്റ്റിന്റെ ഉദ്ഘാടനം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മറ്റ് നിരവധി പ്രശ്നങ്ങളുണ്ട്. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങ്ങളെപ്പറ്റി ആരും മിണ്ടുന്നില്ല. പടിപടിയായി രാജ്യത്തെ മതാധിഷ്ഠിതമായി മാറ്റാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. രാമക്ഷേത്ര നിർമാണം, മുത്തലാഖ് വിഷയം, പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങി തുടർച്ചയായി ഉണ്ടാകുന്ന ഓരോ നടപടിയും ആശങ്കയോടെ വേണം കാണാൻ. ഇതിനെതിരെ പ്രതിഷേധിച്ചേ മതിയാകൂ. ബി.എസ്. രാജീവിനെപോലെയുള്ള നേതാക്കളുടെ ആവശ്യം കൂടിവരുന്ന കാലമാണിത്. സാംസ്കാരിക, സാമൂഹ്യരംഗങ്ങളിലെ ജീർണതകൾക്കെതിരെ പോരാടിയ രാജീവിന്റെ വേർപാട് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ബി.എസ്. രാജീവ് രാഷ്ട്രീയത്തിലെ സ്‌നേഹാക്ഷരം' എന്ന പുസ്തകം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടുന്നവർക്കുള്ള ബി.എസ്. രാജീവ് ഭാഷ പഠന മികവ് പുരസ്‌കാരങ്ങൾ എ.ആർ. ഗായത്രി, സുനിത എ.എസ്, എം.ഐ. ഫുനാ നുജും എന്നിവർ ഏറ്റുവാങ്ങി.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. വി.കെ. പ്രശാന്ത് എം.എൽ.എ , മേയർ കെ.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായർ, പിരപ്പൻകോട് മുരളി തുടങ്ങിയവർ സംസാരിച്ചു.