governor

 ഗുരുതര വീഴ്‌ചകൾ അന്വേഷിക്കണം

തിരുവനന്തപുരം: കണ്ണൂരിൽ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധമെന്ന രീതിയിൽ തനിക്കെതിരെയുണ്ടായ അവഹേളനത്തിൽ കടുത്ത നടപടികളിലേക്കു നീങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി തീവ്രമായ അനിഷ്ടം പ്രകടിപ്പിച്ചു. പരിപാടിയിൽ മാറ്റം വരുത്തിയതും സുരക്ഷാവീഴ്ചയുണ്ടായതും ഗവർണർ സൂചിപ്പിച്ചെന്നാണ് വിവരം.

ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ വൈകിട്ട് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സംഭവത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികൾ ചീഫ് സെക്രട്ടറി ധരിപ്പിച്ചു. പൊലീസ് മേധാവി ലോകനാഥ് ബെഹ്റ സ്ഥലത്തില്ലാത്തതിനാൽ ക്രമസമാധനചുമതലയുള്ള എ.ഡി.ജി.പി.ഷെയ്‌ക്ക് ദർവേഷ് സാഹിബാണ് രാജ്ഭവനിലെത്തിയത്. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയും മറ്റു വിവരങ്ങളും രാജ്ഭവനിൽ എത്തിക്കാനും ഗവർണർ ആവശ്യപ്പെട്ടു. ഇന്റലിജൻസ് മേധാവിയോടും അദ്ദേഹം വിശദീകരണം തേടി.

വീഴ്‌ച പരിശോധിക്കണം

ചടങ്ങിൽ പ്രതിഷേധമുയരുമെന്ന് യൂണിവേഴ്സിറ്റിക്കും പരിപാടിയുടെ സംഘാടക സമിതിക്കും നേരത്തെ സൂചനയുണ്ടായിരുന്നു എന്നാണ് ഗവർണറുടെ ഓഫീസിന്റെ വിലയിരുത്തൽ. എന്നാൽ മുൻകരുതലുകൾ സ്വീകരിച്ചില്ല. സദസിൽ നിന്നും വേദിയിൽ നിന്നും പ്രതിഷേധമുണ്ടായി. ഇതിൽ സംഘാടകരുടെ ഗുരുതരമായ വീഴ്ച പരിശോധിക്കണമെന്ന് ചീഫ്സെക്രട്ടറിക്കും ഡി. ജി. പിക്കും നിർദ്ദേശം നൽകി. സംഘർഷ സമയത്തെ ഫോട്ടോകളും വീഡിയോകളും ഇന്നലെത്തന്നെ ഗവർണർ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

പ്രതിഷേധസമയത്ത് എടുത്ത ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കാനും ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി.ജി.പിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകാനും കേസെടുത്ത് മുന്നോട്ടുപോകാനുമാണ് ഗവർണറുടെ തീരുമാനമെന്നാണ് സൂചന. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാനും ഉദ്ഘാടനപ്രസംഗം തടസപ്പെടുത്താനും ശ്രമിച്ചെന്ന് ഗവർണർ ശനിയാഴ്ച ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

സുരക്ഷാ വീഴ്‌ച

പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് ഗവർണറുടെ ഓഫീസ് വിലയിരുത്തുന്നു. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും എ.ഡി.എസിനെയും തള്ളിമാറ്റിയാണ് ചരിത്രകാരൻ ഇർഫാൻ ഹബീബ് തട്ടിക്കയറിയത്. ഇത് സുരക്ഷാ വീഴ്‌ചയാണ്. ബഹളമുണ്ടാക്കിയവർക്കെതിരെ പൊലീസ് കേസെടുത്തില്ല. ഗവർണറെ വിളിച്ചു വരുത്തി അപമാനിച്ചതിനു പിന്നിൽ ചില വ്യക്തികൾ ബോധപൂർവം ഇടപെട്ടതായും സംശയിക്കുന്നു.

മുഖ്യമന്ത്രിയുടെ താക്കീത്

ഗവർണറുടെ അതൃപ്തി മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധക്കാർക്ക് ഇന്നലെ താക്കീത് നൽകി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അതിരു വിടരുതെന്നും പരിധി വിട്ടുള്ള സമരങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഇന്നലെ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു.

ഭരണഘടനാ തകർച്ച : ഒ. രാജഗോപാൽ

സംസ്ഥാനത്ത് ഗവർണറും സംസ്ഥാനം സന്ദർശിക്കുന്ന മറ്റ് മുഖ്യമന്ത്രിമാരും ആക്രമിക്കപ്പെടുന്ന സാഹചര്യമാണെന്ന് ബി.ജെ.പി. എം.എൽ.എ ഒ.രാജഗോപാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കത്തിലൂടെ അറിയിച്ചു. ഭരണഘടനാ തകർച്ചയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ. ഗവർണർക്കെതിരെ തുടർച്ചയായ അവഹേളനമാണ് ഉണ്ടാകുന്നത് - രാജഗോപാൽ കത്തിൽ സൂചിപ്പിച്ചു.