01

പോത്തൻകോട്: തോന്നയ്ക്കൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച 38-ാമത് പ്രേംനസീർ റോളിംഗ് ട്രോഫി അഖില കേരള നാടക മത്സരം സമാപിച്ചു. അണ്ടൂർക്കോണം എ.കെ.ജി സാംസ്കാരിക സമിതി അവതരിപ്പിച്ച ജീവന്റെ സംഗീതം ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുത്തു. രണ്ടാം സ്ഥാനം ബാക്ക് സ്റ്റേജ് തിയേറ്റർ വേങ്ങോട് അവതരിപ്പിച്ച 'സെൽ നമ്പർ 13' എന്ന നാടകത്തിന് ലഭിച്ചു. ജീവന്റെ സംഗീതത്തിലെ അഭിനയത്തിന് രാജേന്ദ്രൻനായർ മികച്ച നടനായും ബാബു ആലുവ മികച്ച സംവിധായകനായും സെൽ നമ്പർ 13 ലെ അഭിനയത്തിന് കൊടശനാട് കനകത്തെ മികച്ച നടിയായും തിരഞ്ഞെടുത്തു. ആറ്റിങ്ങൽ ഗേൾസ് സ്കൂൾ പെൺകൂട്ടം അവതരിപ്പിച്ച കൊസ്രാക്കൊള്ളി എന്ന നാടകം കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച 'ഇൻസ്റ്റാൾമെന്റ് സതീശൻ' മികച്ച രണ്ടാമത്തെ നാടകമായും തിരഞ്ഞെടുത്തു. അശ്വിനെ മികച്ച ബാല നടനായി തിരഞ്ഞെടുത്തു. സമിതി പ്രസിഡന്റ് ആർ. വേണുനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം എസ്. രാധാദേവി ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. യാസിർ, ജി. സതീശൻ നായർ, എൻ. രാജേന്ദ്രൻ, ജയ്മോൻ, ജെ. രാജൻ എന്നിവർ സംസാരിച്ചു. മികച്ച സ്‌കൂൾ പി.ടി.എയ്ക്കുള്ള അവാർഡ് നേടിയ തോന്നയ്ക്കൽ സ്കൂളിനെ ചടങ്ങിൽ അനുമോദിച്ചു.

ക്യാപ്‌ഷൻ: തോന്നയ്ക്കൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അണ്ടൂർക്കോണം എ.കെ.ജി സാംസ്കാരിക സമിതി പ്രവർത്തകർ അഡ്വ. യാസിറിൽ നിന്നു ട്രോഫി ഏറ്റുവാങ്ങുന്നു