chennithala
chennithala

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് യു.ഡി.എഫ് നടത്തുന്ന സമരം ശക്തിപ്പെടുത്തും.ഇതിലേക്ക് വിവിധ മുസ്ളീം മത, സാമുദായിക നേതാക്കളുടെ പിന്തുണ ഇന്നലെ അവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.

ജനുവരി 13ന് എറണാകുളം മറൈൻഡ്രൈവിലും 18ന് കോഴിക്കോട്ട് ബീച്ചിലും പ്രതിഷേധ റാലി നടത്തും. കൂടുതൽ സമര പരിപാടികൾ ജനുവരി 3ന് എറണാകുളം ഡി. സി.സിയിൽ ചേരുന്ന യു.ഡി.എഫ് സംസ്ഥാന യോഗം തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്ടെ റാലിയിൽ മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ പങ്കെടുക്കും.

പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്നത് മതേതര പോരാട്ടമാണ്. രാജ്യത്തെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ബാദ്ധ്യത പ്രതിപക്ഷത്തിനുമുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അനുവദിക്കില്ല.പൗരത്വഭേദഗതി ബിൽ പാസ്സാക്കിയത് ഭരണഘടനയുടെ നിരാസമാണ് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാക്കാനുള്ള കുത്സിത മാർഗമാണിത്. മത പണ്ഡിതന്മാരും മതനേതാക്കളുമായി സംസാരിച്ചപ്പോൾ അവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാൻ സാധിച്ചു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തടങ്കൽപാളയങ്ങൾ ആരംഭിച്ചെന്ന ആരോപണം തെറ്റാണ്. വിസയുടെയും പാസ്‌പോർട്ടിന്റെയും കാലാവധി തീർന്നവരെയും ഓവർ സ്‌റ്റേക്കാരെയും ജയിലിൽ അടയ്ക്കുകയാണ് പതിവ്. യു.ഡി.എഫ് സർക്കാർ 2012ൽ, അങ്ങനെ അടയ്ക്കുന്നവരെ സാമൂഹിക നീതി വകുപ്പുമായി ആലോചിച്ച് ജയിലിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. തുടർന്ന് അതത് രാജ്യങ്ങളുമായി ബന്ധപ്പെട്ട് അവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. എന്നാൽ, 2019ലെ പൗരത്വ നിയമ ഭേദഗതിക്ക് ശേഷമുള്ള സാഹചര്യം അതല്ലെന്ന് ചെന്നിത്തല പറഞ്ഞു.