വർക്കല: എല്ലാ മതദർശനങ്ങളും അവയുടെ അന്തസാരത്തിൽ ഒന്നായിരിക്കെ, മതപരവും സാമുദായികവുമായ വേർതിരിവുകളും വിഭാഗീയതയും മതവിദ്വേഷവും തികച്ചും അർത്ഥശൂന്യമാണെന്നും, എല്ലാവിധ കലഹങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും കാരണം ഈ അവസ്ഥയാണെന്നും ഗുരു മുനിനാരായണപ്രസാദ് പറഞ്ഞു.
കഴിഞ്ഞ ഏഴ് ദിവസമായി നടന്നുവന്ന ഗുരുകുല കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെയും സമ്മർദ്ദങ്ങളുടെയും മുഖ്യ ഉറവിടങ്ങൾ മതവും രാഷ്ട്രീയവുമാണ്. അവ്യക്തത നിറഞ്ഞ മതരംഗം രാഷ്ട്രീയത്തിലെ അധികാരഭ്രമത്തിന് ഒത്താശ ചെയ്യുന്നു. അതിനാൽ ഈ രംഗം ശുദ്ധീകരിക്കപ്പെടണം. അതിനുളള പ്രായോഗിക മാർഗ്ഗം നാരായണഗുരു ദർശനമാണ്. ജീവിതത്തെയും മതപരമായ നിലപാടുകളെയും ഗുരുദർശനത്തിന് അനുസരണമായി ക്രമപ്പെടുത്തണം.
ഇന്നത്തെ വേർതിരിവുകൾക്കും വിഭാഗീയതയ്ക്കും പരിഹാരമെന്ന നിലയിൽ എല്ലാ മതവിഭാഗങ്ങളിലുമുള്ള സുമനസുകളുടെ കൂട്ടായ്മയിൽ നിന്നും ദർശനസമന്വയം എന്നൊരു സാംസ്ക്കാരികവേദിക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ അതിരുകൾക്കപ്പുറം ലോകമാകമാനം ഈ സംരംഭത്തിനു പ്രസക്തിയുണ്ട്. കാലക്രമത്തിൽ ഇത് ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദർശന സമന്വയവേദിയുടെ രൂപീകരണം ചരിത്ര മുഹൂർത്തമാണെന്ന് ഹൈക്കോടതി ജഡ്ജി അലക്സാണ്ടർ തോമസ് പറഞ്ഞു. നാരായണഗുരുവിനൊപ്പം എല്ലാ ജഗദ് ഗുരുക്കന്മാരുടെയും അനുഗ്രഹം ഈ സംരംഭത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ഋതംഭരാനന്ദ, സി.എച്ച്.മുസ്തഫ മൗലവി, ഡോ.സജന, കവി സെബാസ്റ്റ്യൻ തേനാശേരി, സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ എന്നിവരും സംസാരിച്ചു. കൺവെൻഷൻ സമാപനത്തോടനുബന്ധിച്ച് ഗുരുകുല സ്ഥാപകൻ നടരാജഗുരുവിന്റെ സമാധിസ്ഥാനമായ ഗുരുനാരായണഗിരിയിലേക്ക് ഗുരുകുലാന്തേവാസികളുടെ പരമ്പരാക്രമത്തിലുളള ശാന്തിയാത്രയും നടന്നു.