തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്തുണ തേടി സർവകക്ഷിയോഗം വിളിച്ചുചേർത്ത മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . ശബരിമല പ്രശ്‌നത്തിൽ എതിർ ഭാഗത്തായിരുന്നവരെ ഇന്ന് ഒരുമിപ്പിച്ച് നിറുത്താൻ പിണറായിക്ക് സാധിച്ചത് ചെറിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പേരൂർക്കട യൂണിയൻ 615-ാം നമ്പർ ശാഖാ വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
കഴിഞ്ഞ വർഷം ഇതേ സമയത്ത് പിണറായി വിജയന്റെ ഭരണത്തെ എതിർത്ത് ജനങ്ങളും രാഷ്ട്രീയ എതിരാളികളും തെരുവിലിറങ്ങി. കഴിഞ്ഞ തവണ കലുഷിതമായ ശബരിമല തീർത്ഥാടന കാലമായിരുന്നെങ്കിൽ ഇന്ന് ശാന്തിയും സമാധാനവും പുലർന്നിരിക്കുകയാണ്. പിണറായിക്ക് അന്ന് ശനിദശയായിരുന്നെങ്കിൽ ഇന്ന് ശുക്രദശയാണ് .പിണറായിയെപ്പോലെ ഇത്രയും മിടുക്കനായ മുഖ്യമന്ത്രി വേറെയില്ല. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് അണിനിരത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സംഘടനാശേഷിയുടെയും ഭരണപാടവത്തിന്റെയും ഉദാഹരണമാണ്. അന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ചവർ ഇന്ന് പിണറായിയെ കെട്ടിപ്പിടിക്കുന്നു. അതേസമയം,​ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിൽ പിളർപ്പുണ്ടാക്കാനും അദ്ദേഹത്തിനായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പിനെ തള്ളി യു.ഡി.എഫിലെ സമുന്നതരായ കക്ഷി നേതാക്കളെ എല്ലാവരെയും ഒരുമിച്ചു നിറുത്താൻ കഴിഞ്ഞത് വലിയ കാര്യമാണ്. ശക്തനായ ഭരണാധികാരിയാണ് താനെന്നും പിണറായി തെളിയിച്ചു - വെള്ളാപ്പള്ളി പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ആമുഖപ്രസംഗവും ,യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ മുഖ്യപ്രഭാഷണവും നടത്തി.പത്രാധിപർ സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് മുഖ്യാതിഥിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റും പേരൂർക്കട ശാഖാ ചെയർമാനുമായ എം.കെ. ദേവരാജൻ സ്വാഗതം പറഞ്ഞു ബി.എസ്.എസ് ജനറൽ സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ, പേരൂർക്കട ശാഖ വൈസ് ചെയർമാൻ എസ്. മധുസൂദനൻ, ഡയറക്ടർ ബോർഡ് അംഗം പി.സി. വിനോദ്, യൂണിയൻ കൗൺസിലർ ആർ. സോമസുന്ദരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സതികുമാരി, സെക്രട്ടറി ആശാരാജേഷ്, യൂത്ത് മൂവ്മെന്റ് ചെയർമാൻ വിജിത്ത്, കൺവീനർ അരുൺകുമാർ, സെക്രട്ടറി മണിലാൽ, വനിതാസംഘം ശാഖാ പ്രസിഡന്റ് ലീലാമ്മ എന്നിവർ പങ്കെടുത്തു. ശാഖാ കൺവീനർ എൻ. ബിനു നന്ദി പറഞ്ഞു.