vigraha-ghoshayathra
vigraha ghoshayathra

ശിവഗിരി: പദയാത്രയും തീർത്ഥാടകരും ഒഴുകി നിറഞ്ഞ്,​ മഞ്ഞയിൽ മുങ്ങിയ കടലായി ശിവഗിരി. പാതിവഴിയിലുള്ള പദയാത്രകൾ കൂടി എത്തിച്ചേരുന്നതോടെ തീർത്ഥാടന നഗരിയിൽ പ്രാർത്ഥനകളുടെ മഹാ ഗുരുസാഗരം തിരയിളക്കും.

ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച ഇലവുംതിട്ടയിലെ കേരളസൗധത്തിൽ നിന്ന് (മൂലൂരിന്റെ വസതി) സമ്മേളനവേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ച രഥയാത്ര ഇന്നലെ സന്ധ്യയോടെയാണ് ശിവഗിരിയിലെത്തിയത്. 86 വർഷം മുമ്പ് മൂലൂരിന്റെ വസതിയിൽ നിന്ന് അഞ്ചുപേരുള്ള സംഘത്തിന്റെ യാത്രയോടെയായിരുന്നു ശിവഗിരി തീർത്ഥാടനത്തിനു തുടക്കം. പീതാംബരധാരികളായി വ്രതശുദ്ധിയോടെ കാൽനടയായായിരുന്നു അവരുടെ യാത്ര. അതിന്റെ ഓർമ്മ പുതുക്കാനാണ് തീർത്ഥാടനത്തിന് സമ്മേളനവേദിയിൽ സ്ഥാപിക്കുന്ന ഗുരുവിന്റ പഞ്ചലോഹ വിഗ്രഹം മൂലൂർ ഭവനത്തിൽ നിന്ന് കൊണ്ടുവരുന്നത്.

28 ന് സ്വാമി ശിവസ്വരൂപാനന്ദയാണ് മൂലൂർ ഭവനത്തിൽ രഥയാത്രയെ അനുഗ്രഹിച്ച് യാത്രയാക്കിയത്. ജാഥാ ക്യാപ്റ്റൻ സജീവ്, മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി.രാജഗോപാലൻ, പിങ്കി ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ധർമ്മപതാകാ പ്രയാണവും,​ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നുളള ദിവ്യജ്യോതി പ്രയാണവും ശിവഗിരിയിൽ എത്തിച്ചേർന്നു. സമ്മേളനത്തിന്റെ മൂന്നു ദിവസവും വേദിയിൽ ഈ ജ്യോതി പ്രഭ തൂകും.

ചേർത്തല കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട കൊടിക്കയർ പദയാത്രയും ശ്രീലങ്കയിൽ നിന്ന് മഹാസമാധിയിലെ ഗുരുദേവ വിഗ്രഹത്തിൽ ചാർത്തുവാൻ ഉടയാടകളുമായി പുറപ്പെട്ടവരും എത്തിച്ചേർന്നിട്ടുണ്ട്. ശിവഗിരിയിലേക്കുളള തീർത്ഥാടക പ്രവാഹം തുടരുകയാണ്.

ചിത്രങ്ങൾ

..............................

ഇലവുംതിട്ടയിൽ നിന്നും ഗുരുദേവ പഞ്ചലോഹവിഗ്രഹവും വഹിച്ചുകൊണ്ടുളള രഥയാത്ര മഹാസമാധിയിലെത്തിയപ്പോൾ

കോട്ടയത്തുനിന്നും കൊണ്ടുവന്ന ധർമ്മപതാക സ്വാമി സാന്ദ്രാനന്ദ ശിവഗിരിയിൽ ഏറ്റുവാങ്ങുന്നു.

കളവംകോടത്തു നിന്നുമെത്തിയ കൊടിക്കയർ സ്വാമി സാന്ദ്രാനന്ദ ഏറ്രുവാങ്ങുന്നു.

കണ്ണൂർ സുന്ദരേശ്വരക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ദിവ്യജ്യോതി സ്വാമി വിശാലാനന്ദയും സ്വാമി ഗുരുപ്രസാദും ചേർന്ന് ഏറ്റുവാങ്ങുന്നു.