ഇന്ത്യൻ കായിക രംഗത്തിന് അഭിമാനിക്കാൻ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച വർഷമാണ് കൊടിയിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരി ബാഡ്മിന്റണിൽ ലോക കിരീടം ചൂടുന്നതിന് 2019 സാക്ഷിയായി. ക്രിക്കറ്റിൽ മാത്രമല്ല, ഗുസ്തിയിൽ ഷൂട്ടിംഗിൽ, ടെന്നിസിൽ, ടേബിൾ ടെന്നിസിൽ എന്നുവേണ്ട ഫുട്ബാളിൽ പോലും എന്നെന്നും ഒാർത്തിരിക്കാവുന്ന നിരവധി നല്ല ദൃശ്യങ്ങൾ 2019 നമുക്ക് നൽകി.
ലോക നെറുകയിൽ സിന്ധു
പോയവർഷത്തെ ഏറ്റവും സുന്ദരമായ മുഹൂർത്തമായിരുന്നു ബാഡ്മിന്റൺ താരം പി.വി. സിന്ധു ബാസലിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കിരീടത്തിൽ മുത്തമിട്ടത്. ആഗസ്റ്റിൽ ബാസലിലെ സെന്റ്ജേക്കബ് ഷാലെയിൽ നടന്ന ഫൈനലിൽ സിന്ധു കീഴടക്കിയത് ജാപ്പനീസ് താരം നോസോമി ഒക്കുഹാരയെയാണ്. ഫൈനലുകളിൽ കാലിടറുന്നുവെന്ന പരാതി അവസാനിപ്പിച്ചാണ് വെറും 37 മിനിട്ടുകൊണ്ട് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സിന്ധു വെന്നിക്കൊടി പാറിച്ചത്.
എന്നാൽ ലോക ചാമ്പ്യൻഷിപ്പിന് ശേഷം നിരന്തരം പരാജയങ്ങൾ ഏറ്റുവാങ്ങിയത് സിന്ധുവിന്റെ കരിയറിലെ കണ്ണീരായി. ലോക ചാമ്പ്യൻഷിപ്പിനുശേഷം പേഴ്സണൽ കോച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്കായി തിരിച്ചുപോയതും പിന്നീട് തന്റെ ഭർത്താവിന് അസുഖമാണെന്ന് അറിഞ്ഞിട്ടും കോച്ചിംഗിന് തിരിച്ചെത്താൻ ഹൃദയമില്ലാത്ത സിന്ധു ആവശ്യപ്പെട്ടെന്ന പരിശീലകയുടെ വെളിപ്പെടുത്തൽ വിവാദവുമായി.
ബാഡ്മിന്റൺ സിംഗിൾസുകളിൽ സിന്ധു ഒഴികെയാർക്കും അത്ര സുഖമുള്ള ഒാർമ്മകൾ 2019 സമ്മാനിച്ചില്ല. ജനുവരിയിൽ ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം നേടിയശേഷം സൈന നെഹ്‌വാൾ വർഷം മുഴുവൻ പരിക്കിന്റെയും ഫോം ഒൗട്ടിന്റെയും പിടിയിലായിരുന്നു. കിഡംബി ശ്രീകാന്തിനു കഴിഞ്ഞവർഷത്തെ മികവ ആവർത്തിക്കാനായില്ല. സായ് പ്രണീത് വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. സൗരഭ ബർമ്മയ്ക്ക് നാല് കിരീടം നേടാനായി. ഭാവി പ്രതീക്ഷ ലക്ഷ്യസെൻ രണ്ട് സൂപ്പർ 100 മെഡലുകൾ സ്വന്തമാക്കി.
ഗുസ്തിയിലെ ദീപം
കസാഖിസ്ഥാനിലെ നുർ-ഉൽ സുൽത്താനിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കാഴ്ചവച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. അഞ്ച് മെഡലുകളും നാല ഒളിമ്പിക് ക്വട്ട ബർത്തുകളും നുർ ഉൽ സുൽത്താനിൽനിന്ന് ഇന്ത്യ നേടിയെടുത്തു.
ഇവിടെ എടുത്തു പറയേണ്ടത് രണ്ട് പൂനിയമാരുടെ പ്രകടനമാണ്. ദീപക് പൂനിയയുടെയും ബജ്റംഗ പൂനിയയുടെയും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമൊക്കെ മെഡൽ നേടി തന്റെ നിലവാരം അറിയിച്ചിട്ടുള്ള ബജ്റംഗ് പൂനിയയെപ്പോലെതന്നെ കരുത്തനാണ് താനെന്ന് ദീപക് തെളിയിച്ചു. ആഗസ്റ്റിൽ ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ദീപക് തൊട്ടുപിന്നാലെ സീനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. സീനിയർ ചാമ്പ്യൻഷിപ്പിൽ പരിക്കേറ്റതുമൂലമാണ് ദീപക്കിന് ഫൈനലിൽ കളിക്കാൻ കഴിയാതെ വന്നത്. എന്നാൽ ടോക്കിയോ ഒളിമ്പിക്സിനുള്ള ബർത്ത് ദീപക്കിനെ തേടിയെത്തിയിട്ടുണ്ട്.
ലോക ചാമ്പ്യൻഷിപ്പിന് മുമ്പ് പങ്കെടുത്ത എല്ലാ ടൂർണമെന്റുകളിലും സ്വർണം നേടിയിരുന്ന ബജ്റംഗിന് നുർ ഉൽ സുൽത്താനിൽ വെങ്കലം മാത്രമേ നേടാനായുള്ളൂ. ഒളിമ്പിക് ക്വാട്ടയും നേടാനായി. രവി ദഹിയയും വനിതാ വിഭാഗത്തിൽ വിനേഷ് ഫോഗാട്ടും ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഒളിമ്പിക് ബർത്തും സ്വന്തമാക്കി.
സന്ധുവിന് ഗ്രേറ്റ് സേവ്
ഇൗവർഷത്തെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ 4-1ന് തകർത്ത ഇന്ത്യൻ ഫുടബാൾ ടീം പക്ഷേ പുതുവർഷത്തിലേക്ക് കടക്കുമ്പോൾ സമനിലകളും തോൽവികളും കാരണം റാങ്കിംഗിൽ ഇടിവുണ്ടായ സ്ഥിതിയിലാണ്. എങ്കിലും അടുത്ത ലോകകപ്പ് ആതിഥേയരായ ഖത്തറിനെ യോഗ്യതാ മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ തളച്ചത് ഇന്ത്യൻ ഫുട്ബാൾ ആരാധകർ എക്കാലവും ഒാർത്തിരിക്കുന്നതാണ്.
പരിക്കുമൂലം വിശ്രമത്തിലായിരുന്ന സ്ഥിരം നായകൻ സുനിൽ ഛെത്രിയെ കൂടാതെ ദോഹയിലെത്തിയ ഇന്ത്യൻ ടീമിനെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിയ സമനിലയിലേക്ക് നയിച്ചത് ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ സേവുകളാണ്. 11 സേവുകളാണ് സന്ധു ആ മത്സരത്തിൽ മാത്രം പുറത്തെടുത്തത്. ഇൗവർഷം ഖത്തറിനോട് കളിച്ച് തോൽക്കാത്ത ഒരേയൊരു ടീമാണ് ഇന്ത്യ.
ഖത്തറിനെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ ടീമിനും പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനും മേൽ പ്രതീക്ഷകൾ വാനോളമുയർന്നു. എന്നാൽ ഒമാനെതിരെ ആദ്യഗോൾ നേടിയശേഷം തോറ്റതും റാങ്കിംഗിൽ പിന്നിലുള്ള അഫ്ഗാനോടും ബംഗ്ളാദേശിനോടും സമനില വഴങ്ങേണ്ടിവന്നതും ലോകകപ്പ് യോഗ്യതയെ തുലാസിലാക്കി.
അമിതമല്ല, പംഗൽ
ഗുസ്തിയിൽ മാത്രമല്ല ബോക്സിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ച നേട്ടമുണ്ടാക്കിയ വർഷമാണ് കടന്നുപോയത്.
റഷ്യയിലെ ........
ബർഗിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗൽ വെള്ളിമെഡൽ നേടി. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി അമിത് ചരിത്രം കുറിക്കുകയും ചെയ്തു. ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അമിത് സ്വർണ്ണം നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ മറ്റൊരു ഇന്ത്യൻ താരം മനീഷ കൗഷിക്ക് വെങ്കലം നേടിയിരുന്നു.
റഷ്യയിലെ ഉലാൻ-ഉഡെയിൽ നടന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ മോശമാക്കിയില്ല. മഞ്ജു റാണി ഫൈനൽ വരെയെത്തി റഷ്യയുടെ എകാതറിന പാൽറ്റക്കോവയോട് തോറ്റ് വെള്ളി മെഡൽ സ്വന്തമാക്കി. സാക്ഷാൽ മേരികോം അടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ വെങ്കലങ്ങൾ കരസ്ഥമാക്കി. യമുന ബോറോ, ലൗലിന ബൊർഗോ ഹേയ്ൻ എന്നിവരാണ് വെങ്കലം ലഭിച്ച മറ്റ് താരൾ. ലോക ചാമ്പ്യൻഷിപ്പിൽ തന്റെ തുടർച്ചയായ രണ്ടാം വെങ്കല മെഡലാണ് ലൗലിന നേടിയത്.
ആറുതവണ ലോക ചാമ്പ്യനായിട്ടുള്ള മേരികോം ലോക ചാമ്പ്യൻഷിപ്പിലെ തന്റെ എട്ടാം മെഡലുമായാണ് റഷ്യയിൽ നിന്ന് മടങ്ങിയത്.
സ്വർണ വെടിയൊച്ച
ഇന്ത്യൻ തോക്കുകൾ മെഡൽ വർഷിച്ച വർഷമാണ് കടന്നുപോകുന്നത്. ഇൗവർഷം നടന്ന റൈഫിൾ-പിസ്റ്റൾ ലോകകപ്പുകളിലും ഫൈനൽസുകളിൽ നിന്നുമായി 21 സ്വർണ മെഡലുകളാണ് ഇന്ത്യൻ ഷൂട്ടർമാർ നേടിയത്. ആറ് വെള്ളിയും മൂന്ന് വെങ്കലങ്ങളും കൂടി ഇന്ത്യയുടെ അക്കൗണ്ടിലേക്ക് എത്തിയപ്പോൾ രണ്ടാം സ്ഥാനക്കാരായ ചൈനയ്ക്ക് 11 സ്വർണ മെഡലുകൾ മാത്രമേ പോയവർഷം നേടാനായുള്ളൂ എന്നുകൂടി അറിയണം. 15 ഇന്ത്യക്കാരാണ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. ഇതും റെക്കാഡാണ്. കൗമാരം പോലും കടക്കാത്ത ഷൂട്ടിംഗ് താരങ്ങൾ ചരിത്രം രചിച്ച വർഷമാണിത്. മനു ഭാക്കർ, സൗരഭ് ചൗധരി, ദിവ്യംശ് പൻവാർ, ഇളവേണിൽ വാളറിവൻ എന്നിങ്ങനെയുള്ള ജൂനിയർ താരങ്ങൾ ലോകകപ്പുകളിൽ സ്വർണ വെടിമുഴക്കി. സീനിയേഴ്സായ തേജസ്വിനി സാവ്‌ന്ത്, സഞ്ജീവ് രാജ് പുത്ത്, അഭിഷേ് വെർമ്മ എന്നിവർക്കും മെഡലുകൾ നേടിയെടുക്കാനായി. 10 മീറ്റർ ഡിസ്റ്റൻസിൽ അപൂർവി ചന്ദേല, അൻജും മൗഡ്ഗിൽ, ഇളവേണിൽ എന്നിവർ ലോക റാങ്കിംഗിൽ ആദ്യമൂന്ന് സ്ഥാനങ്ങളിലെത്തിയതും ഇൗവർഷമാണ. സത്യന്റെ ടേബിൾ അന്താരാഷ്ട്ര ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീകമായി സത്യൻ ഗുണശേഖരൻ ഉയർന്നുവന്ന വർഷമാണിത്. ടോപ്പ് 20 റാങ്കിംഗിലുള്ള നിരവധി താരങ്ങളെ ഇൗവർഷം സത്യൻ അട്ടിമറിച്ചു. ഇതിൽ ലോക അഞ്ചാം റാങ്കുകാരൻ ജാപ്പനീസ് താരം ഹരിമോട്ടോ ടോമോ കാസുവിനെതിരായ വിജയമായിരുന്നു ഏറെ ശ്രദ്ധേയം. ഇന്റർനാഷണൽ ടേബിൾ ടെന്നിസ് റാങ്കിംഗിൽ ആദ്യ 25 സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായതും സത്യനാണ. ജൂലായിൽ സത്യൻ 24-ാം റാങ്കിലായിരുന്നു. പ്രഥമ ഏഷ്യൻ കപ്പിൽ ആറാംസ്ഥാനത്തെത്തിയതായിരുന്നു സത്യന്റെ മറ്റൊരു വലിയ നേട്ടം. ലോകകപ്പിൽ ഉയർന്ന റാങ്കിലുള്ള സൈമൺ ഗൗസി, ജൊനാഥൻ ഗ്രേത്ത് തുടങ്ങിയവരെ അട്ടിമറിക്കാൻ സത്യന് കഴിഞ്ഞു. പ്രീക്വാർട്ടറിൽ ഇതിഹാസ താരം ടിമോ ബോളിനോട് തോറ്റാണ് സത്യൻ ലോകകപ്പിൽ നിന്ന് പുറത്തായത്. ഇരട്ടത്തിളക്കം ബാഡ്മിന്റൺ ഡബിൾസിൽ പുതിയ ഇന്ത്യൻ സഖ്യത്തിന്റെ വരവിന് ചുവപ്പു പരവതാനി വിരിച്ച വർഷമാണിത്. സ്വാത്‌വിക്‌സായ് രാജ റാൻകി റെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം തങ്ങളുടെ മുൻഗാമികളെ നിഷ‌്‌പ്രഭമാക്കി സൂപ്പർ 500 കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ജൂലായിൽ തായ്‌ലൻഡ ഒാപ്പണിലായിരുന്നു സ്വാത്‌വിക‌് ചിരാഗ് സഖ്യത്തിന്റെ കിരീടനേട്ടം. തൊട്ടുപിന്നാലെ ഫ്രഞ്ച ഒാപ്പൺ ഫൈനൽ വരെയെത്തി. സൂപ്പർ 750 ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ജോടിയായി. റാങ്കിംഗിൽ ടോപ് ടെൻ സ്ഥാനത്തിനകത്തേക്കും ഇൗ സഖ്യമെത്തി. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ പോയവർഷത്തെ ഏറ്റവും മെച്ചപ്പെട്ട കളിക്കാരായി തിരഞ്ഞെടുത്തത് സ്വാതിക് സായ്‌രാജിനെയും ചിരാഗിനെയുമാണ്. സുമിത് സുസ്മിതം ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ കാലത്തിന് ശേഷം ഇന്ത്യൻ ടെന്നിസിൽ ആരെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുകയാണ് സുമിത് നാഗൽ. 2019 ലെ യു.എസ് ഒാപ്പണിന്റെ ആദ്യ റൗണ്ടിൽ റോജർ ഫെഡറർക്കെതിരെ മത്സരിക്കാൻ അവസരം ലഭിച്ചതോടെയാണ് നഗാലിനെ ലോകം തിരിച്ചറിഞ്ഞത്. സോഷ്യൽ മീഡിയ ഫ്ളാറ്റ് ഫോമുകളിലെല്ലാം ഫെ ഗാൽ എന്ന ഹാഷ്‌ടാഗിൽ ഫെഡറർ നഗാൽ പോരാട്ടം ട്രെൻഡിംഗായിരുന്നു. മത്സരത്തിൽ ഫെഡറർക്കെതിരെ ഒരു സെറ്റിൽ വിജയിക്കാൻ നഗാലിന് കഴിഞ്ഞത് വലിയ നേട്ടമായി. മത്സരം ഫെഡറർ തന്നെ സ്വന്തമാക്കിയെങ്കിലും നഗാലിന് വലിയ ബ്രേക്കായിരുന്നു അത്. 340-ാം റാങ്കിൽ വർഷം തുടങ്ങിയ നഗാൽ അവസാനിപ്പിക്കുന്നത് 134-ാം റാങ്കിലാണ്. എന്നും മുന്നിൽ ഇന്ത്യ വിരാട് കൊഹ്‌ലിക്ക് കീഴിൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം മികവ് കാട്ടിയ ഇന്ത്യ ഇൗവർഷവും ഒട്ടും മോശമാക്കിയില്ല.കളിച്ച ടെസ്റ്റ് പരമ്പരകളിലെല്ലാം വിജയവുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും റാങ്കിംഗിലും ഒന്നാം സ്ഥാനത്ത്. ഐ.സി.സി ലോക കപ്പിൽ സെമി ഫൈനലിൽ തോൽക്കേണ്ടിവന്നതൊഴിച്ചാൽ 2019 ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനവർഷം തന്നെയായിരുന്നു. നായകൻ വിരാട് കൊഹ‌്‌ലി, രോഹിത് ശർമ്മ എന്നിവരുടെ ബാറ്റിംഗ് മികവായിരുന്നു പ്രധാനം. രോഹിത് ടെസ്റ്റിലും ഒാപ്പണർ എന്ന നിലയിൽ തന്റെ സ്ഥാനം സുരക്ഷിതമാക്കി. ഏകദിനത്തിന് പുറമേ ടെസ്റ്റിലും ഡബിൾ സെഞ്ച്വറിക്ക് ഉടമയായി. മായാങ്ക് അഗർവാളിന്റെ വരവിനും ഇൗവർഷം സാക്ഷിയായി. ഇന്ത്യൻ പേസർമാരെ ലോകം അംഗീകരിച്ച വർഷം കൂടിയാണിത്. ജസ്‌പ്രീത് ബുംറ ടെസ്റ്റിലും ഷമി ഏകദിനത്തിലും കുൽദീപ് ട്വന്റി 20 യിലും ഹാട്രിക്കുകൾക്ക് ഉടമയായി. നാലുവർഷത്തിനുശേഷം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് എത്തിയത് ഇൗവർഷം. എന്നാൽ ഒറ്റക്കളിയിൽ പോലും അവസരം ലഭിച്ചില്ല. പുതുവർഷത്തിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും സഞ്ജുവുണ്ട്. ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയെന്ന മുൻ നായകൻ എത്തിയത് ഇൗവർഷത്തെ വിപ്ളവകരമായ മാറ്റം. സുപ്രീംകോടതി നിയോഗിച്ച താത്കാലിക ഭരണസമിതിക്ക് പകരം തിരഞ്ഞെടുപ്പിലൂടെയാണ് ഗാംഗുലി അധികാരത്തിൽ വന്നത്. മലയാളിയായ ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായി. ഐ.സി.സി ലോകകപ്പിൽ ഒരിക്കൽ കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അടി തെറ്റിയ വർഷം. ഇംഗ്ളണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമിയിൽ തോറ്റത് ന്യൂസിലാൻഡിനോട്. ഫൈനലിൽ നിശ്ചിത ഒാവറുകളിലും സൂപ്പർ ഒാവറിലും ടൈ ആയതിനെ തുടർന്ന് ബൗണ്ടറികളുടെ എണ്ണം കണക്കാക്കി ഇംഗ്ളണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചു. 2013 ന് ശേഷം ഐ.സി.സി. കിരീടം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ആജീവനാന്ത വിലക്കിനെതിരെ കോടതിയിൽ വിജയം നേടിയ മുഹമ്മദ് അസ്‌ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായതും ഇൗവർഷം. ഇന്ത്യൻ കായിക ഭരണരംഗത്തെ തമ്മിലടിക്കും തർക്കത്തിനും ഇൗവർഷവും അന്ത്യമില്ല. ദേശീയ കായിക നയത്തിനെതിരെ പല ഫെഡറേഷനുകളും കോടതിയിലെത്തി. ആൾ ഇന്ത്യ ചെസ് ഫെഡറേഷൻ അമച്ചർ കബഡി ഫെഡറേഷൻ ഒഫ് ഇന്ത്യ, ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ, ഇന്ത്യൻ ഗോൾഫ് യൂണിയൻ , തായ്ക്കൊണ്ടോ ഫെഡറേഷൻ ഒഫ് ഇന്ത്യ തുടങ്ങിയവയുടെയൊക്കെ അംഗീകാരം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. 28 വർഷത്തോളം നീണ്ട കരിയറിന് അടുത്ത ഒളിമ്പിക്സോടെ കർട്ടനിടുമെന്ന് ലിയാൻഡർ പെയ്സ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.