തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവം ജനുവരി ഒന്ന് മുതൽ 10 വരെ നടക്കും. ബുധനാഴ്ച രാവിലെ 9.36നും 10.11നും മധ്യേയുള്ള മുഹുർത്തത്തിൽ ക്ഷേത്ര തന്ത്രി വഞ്ചിയൂർ അത്തിയറമഠം നാരായണരു രാമരുവിന്റെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. രണ്ടാം ദിവസം മുതൽ 9ാം ദിവസം വരെ രാവിലെ 8ന് ഓട്ടൻതുള്ളലും സ്വർഗവാതിൽ ഏകാദശി ദിവസവുമായ 6ന് രാത്രി കഥകളിയും ഉണ്ടാകും. രണ്ടാംദിനം മുതൽ ആറാംദിനം വരെ രാവിലെ 10ന് ഉത്സവബലിയും ഒന്ന് മുതൽ 7 വരെ രാത്രി 9.30നും 7 മുതൽ 9 വരെ രാവിലെ 10 ന് ശ്രീഭൂതബലിയും 7 മുതൽ 9 വരെ വൈകിട്ട് 5.15ന് കാഴ്ച ശ്രീബലിയും നടക്കും. 5ന് രാത്രി 10ന് ഋഷഭവാഹനത്തിൽ എഴുന്നള്ളത്തും 8ന് രാത്രി 10.30ന് സേവയും 9ന് രാത്രി 10.30ന് പള്ളിവേട്ടയും 10ന് രാവിലെ 5.30ന് ആർദ്രാദർശനവും തുടർന്ന് ആറാട്ടും നടക്കും.