തിരുവനന്തപുരം: പൗരത്വനിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി ഇന്നലെ വിളിച്ച സർവകക്ഷിയോഗം ബി.ജെ.പി ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയുടെ ആമുഖ പ്രഭാഷണം കഴിഞ്ഞ ഉടനെയായിരുന്നു ബി.ജെ.പി പ്രതിനിധികളായി പങ്കെടുത്ത വക്താവ് എം.എസ്.കുമാറും സംസ്ഥാന സെക്രട്ടറി ജെ.ആർ.പദ്മകുമാറും ഹാൾ വിട്ട് പുറത്തിറങ്ങിയത്. യോഗത്തിൽ പങ്കെടുത്തവരിൽ ചിലർ ബി.ജെ.പി ഗോബാക്ക് വിളിച്ചപ്പോൾ മറ്റുള്ളവർ വിലക്കി.
പ്രക്ഷോഭം നടത്താൻ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് എം.എസ്.കുമാർ മാദ്ധ്യമ പ്രവർത്തരോടു പറഞ്ഞു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറക്കിയ നിയമത്തിനെതിരെ സത്യപ്രതിജ്ഞ ചൊല്ലി ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ സമരത്തിനിറങ്ങുന്നത് ഭരണഘടനാ ലംഘനമാണ്.സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ വിധി വരുന്നത് വരെയെങ്കിലും ഇത്തരം നടപടി ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. ഗവർണർക്കും, കർണാടക മുഖ്യമന്ത്രി യദ്യൂരിയപ്പയ്‌ക്കുമെതിരെ നടന്ന ആക്രമണങ്ങളിൽ സർവ്വകക്ഷിയോഗം ഖേദം രേഖപ്പെടുത്തണമെന്ന ആവശ്യവും നിരാകരിച്ചതായി അദ്ദേഹം പറഞ്ഞു.