തിരുവനന്തപുരം: ക്രിസ്മസ് പകർന്നു നൽകുന്നത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുണൈറ്റഡ് ക്രിസ്റ്റ്യൻ മൂവ്‌മെന്റ് കവടിയാർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിൽ നടന്ന യുണൈറ്റഡ് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് യഥാർത്ഥ സന്തോഷത്തിന്റെയും പരിധിയില്ലാത്ത സ്‌നേഹത്തിന്റെ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത്.
ഉണ്ണിയേശുവിന്റെ ജനനനം മനുഷ്യരും ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായിരുന്നുവെന്നു ചങ്ങിൽ ക്രിസ്മസ് സന്ദേശം നൽകിയ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. നാം ദൈവ സന്നിധിയിൽ പ്രിയങ്കരരാണെന്ന് ആവർത്തിച്ചു പറയുന്ന സുദിനമാണ് ക്രിസ്മസ്. വ്യക്തിത്വത്തോടെ ജീവിക്കുന്നവരാണ് ക്രിസ്ത്യൻ സമൂഹത്തിന്റെ കെയർ ഹോമുകളിൽ താമസിക്കുന്നത്. അനാഥരായ നിരവധി കുട്ടികളെയാണ് സഭ ഏറ്റെടുത്തു വളർത്തുകയും വിദ്യാഭ്യാസം നൽകി സമൂഹത്തിന് തിരികെ നൽകുകയും ചെയ്യുന്നത്. ദൈവീകമായ ഉത്തരവാദിത്തത്തിൽ ജീവിക്കുന്നതിനുള്ള കടമ നമുക്ക് ഓരോരുത്തർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് ക്രിസ്റ്റിയൻ മൂവ്‌മെന്റ് പ്രിസിഡന്റ് എം.ജി.ജയിംസിന്റെ അദ്ധ്യക്ഷതയിൽ ക്രിസ്മസ് ആഘോഷ കമ്മറ്റി ചെയർമാൻ ഷെവലിയാർ ഡോകോശി എം.ജോർജ് സ്വാഗതം ആശംസിച്ചു. ജില്ലയിലെ വിവിധ പള്ളികളിൽ നിന്നുള്ള കരോൾ സംഘങ്ങൽ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു.