മാഞ്ചസ്റ്റർ യുണൈറ്റഡ് -2
ബേൺലി -0
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് എത്തി.
ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 44-ാം മിനിട്ടിൽ അന്തോണി മാർഷലും ഇൻജുറി ടൈമിൽ മാർക്കസ് റാഷ് ഫോർഡുമാണ് മാഞ്ചസ്റ്ററിനായി ഗോളുകൾ നേടിയത്. ഇൗ വിജയത്തോടെ 20 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായാണ് മാഞ്ചസ്റ്റർ അഞ്ചാംസ്ഥാനത്തേക്ക് ഉയർന്നത്.
കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-1ന് കീഴടക്കി ലെസ്റ്റർ സിറ്റി രണ്ടാംസ്ഥാനത്ത് തുടരുകയാണ്. 20 കളികളിൽനിന്ന് 42 പോയിന്റാണ് ലെസ്റ്ററിനുള്ളത്. 18 മത്സരങ്ങളിൽനിന്ന് 52 പോയിന്റ് നേടിക്കഴിഞ്ഞ ലിവർപൂളാണ് ഒന്നാംസ്ഥാനത്ത്.
കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ വോൾവർ ഹാംപ്ടണിനോട് 2-3ന് തോറ്റ മാഞ്ചസ്റ്റർ സിറ്റി 19 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ്.
ഇന്നലെ ചെൽസി ആഴ്സനലിനെ 2-1 ന് കീഴടക്കി. 13-ാം മിനിട്ടിൽ ഒൗബമയാംഗിലൂടെ മുന്നിലെത്തിയിരുന്ന ആഴ്സനലിനെ 83-ാം മിനിട്ടിൽ ജോർജീഞ്ഞോയും 87-ാം മിനിട്ടിൽ ടാമി അബ്രഹാമും നേടിയ ഗോളുകളാണ് തോൽപ്പിച്ചത്. 19 മത്സരങ്ങളിൽനിന്ന് 32 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്താണ്.