ന്യൂസിലൻഡിനെ ബോക്സിംഗ് ഡേ
ടെസ്റ്റിൽ 247 റൺസിന് കീഴടക്കി
മെൽബൺ : ചിരവൈരികളായ ന്യൂസിലൻഡിനെ ബോക്സിംഗ് ഡേ ടെസ്റ്റിൽ വലിയ മാർജിനിൽ കീഴടക്കി ആസ്ട്രേലിയ പുതുക്കിപ്പണിഞ്ഞ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 247 റൺസിനായിരുന്നു ആതിഥേയ വിജയം. രണ്ടാം ഇന്നിംഗ്സിൽ 488 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് നാലാംദിവസമായ ഇന്നലെ 240 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ ആസ്ട്രേലിയ 467 റൺസടിച്ചിരുന്നു. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 48 റൺസിൽ ഒതുക്കിയതോടെ മത്സരത്തിന്റെ ഗതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ 168/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തശേഷം കിവീസിനെ വീണ്ടും ബാറ്റിംഗിന് ഇറക്കുകയായിരുന്നു.
ഇന്നലെ 137/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ന്യൂസിലാൻഡിന് 103 റൺസ് കൂടിയേ നേടാനായുള്ളൂ. ഒാപ്പണർ ടോം ബ്ളൻഡേലിനെ (121) സെഞ്ച്വറിയായിരുന്നു കിവീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. എന്നാൽ ടോം ലതാം (8), ക്യാപ്ടൻ കേൻവില്യംസൺ (0), റോസ് ടെയ്ലർ (2) എന്നിവരുടെ പുറത്താകൽ കിവീസിന്റെ മുനയൊടിച്ചിരുന്നു. ഹെൻട്രി നിക്കോൾസ് (33), വാറ്റ്ലിംഗ് (22), സാന്റ്നർ (27) എന്നിവർ ബ്ളൻഡേലിന് നൽകിയ പിന്തുണയാണ് 240 വരെ എത്തിച്ചത്. ഒാപ്പണറായി ഇറങ്ങിയ ബ്ളൻഡേൽ അവസാനക്കാരനായാണ് പുറത്തായത്. 321 മിനിട്ട് ക്രീസിൽ നിന്ന് 210 പന്തുകൾ നേരിട്ട ബ്ളൻഡേൽ 15 ബൗണ്ടറിയടക്കമാണ് 121 റൺസടിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ആസ്ട്രേലിയയക്കായി സ്പിന്നർ നഥാൻ ലിയോൺ നാലുവിക്കറ്റും പാറ്റിൻസൺ മൂന്ന് വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയടിച്ച ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡാണ് (114) മാൻ ഒഫ് ദ മാച്ച്.