accident

തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചിരുന്നവരെ ഇടിച്ചിട്ടു. അപകടത്തിൽ ഒരാൾ മരിച്ചു. നെടുമങ്ങാട് സ്വദേശി അബ്ദുൾറഹിം (44) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രികരാനായ ശാസ്തമംഗലം സ്വദേശിയും യൂബർ ഇറ്റ്സ് വിതരണക്കാരനുമായ ആദിത്യ ബി.മനോജിനെ (23 ), മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 .30 ന് ശാസ്തമംഗലം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും സംഭവം നടന്നയുടൻ മ്യൂസിയം പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഏറെ വൈകിയാണ് പൊലീസ് എത്തിയതെന്നും നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.