തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർഭയ ദിനമായ ഇന്നലെ രാത്രി 11 മുതൽ രാവിലെ 1 മണി വരെ 'പൊതു ഇടം എന്റേതും' എന്ന പേരിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ രാവിനെ പകലാക്കി നിരവധി സ്ത്രീകൾ അണിനിരന്നു. സിനിമാതാരങ്ങൾ, എഴുത്തുകാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പിന്തുണയുമായി രാത്രി നടത്തത്തിനെത്തി.
ഉൾക്കരുത്തിന്റെ പ്രതീകമായി സ്ത്രീകൾ മാറിയ ഇന്നലത്തെ രാവ് അവിസ്മരണീയമായ ചരിത്രമായി. ഒറ്റയ്ക്കും രണ്ടും മൂന്നും പേർ ചേർന്നും ഇടവിട്ട് റോഡിൽ നടന്നപ്പോൾ സ്ത്രീകളുടെ ഉൾകരുത്തിന്റെ പ്രകടനവേദിയായി രാത്രി നടത്തം മാറി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 8,000ത്തോളം സ്ത്രീകൾ പങ്കെടുത്തു. ഏറ്റവും അധികംപേർ രാത്രി നടന്നത് തൃശൂർ ജില്ലയിലാണ്. തൃശൂരിൽ 47 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയിൽ 2 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആലപ്പുഴ 23, കൊല്ലം 3, പത്തനംതിട്ട 12, ഇടുക്കി 2, പാലക്കാട് 31, കോഴിക്കോട് 6, കണ്ണൂർ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രാത്രി നടത്തം നടന്നത്.
തിരുവനന്തപുരം ജില്ലയിൽ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, നിർഭയ സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ സബീന എന്നിവർ നേതൃത്വം നൽകി.
ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിൻസെന്റ്, ബീനപോൾ, സിനിമ താരം മാല പാർവതി, അസി. കളക്ടർ അനു കുമാരി , എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷൻ അംഗം ഇ.എം. രാധ, വി.സി. ഷാജി എൻ. കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ എന്നിവർ മാനവിയം വീഥിയിലെ രാത്രി നടത്തത്തിൽ പങ്കെടുത്തു.