ഒത്തിരി പരീക്ഷണങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും മലയാള സിനിമ കടന്നുപോയ വർഷമായിരുന്നു 2019. ലാഭനഷ്ടങ്ങൾക്കിടയിലും വാണിജ്യപരമായും കലാമൂല്യം ലക്ഷ്യമിട്ടും നിരവധി ചിത്രങ്ങൾ വന്നുപോയൊരു വർഷം കൂടിയായിരുന്നു ഇത്. പുതിയ ചട്ടക്കൂടിൽ സിനിമ ഒരുക്കാൻ തയ്യാറായി നിരവധി പുതുമുഖ സംവിധായകരുമെത്തി. സൂപ്പർതാര പരിവേഷവും വൻ മുതൽമുടക്കും സിനിമകളെ പ്രേക്ഷകർ ഏറ്റെടുക്കുന്നതിൽ ഘടകമല്ല എന്ന ഓർമ്മപ്പെടുത്തലും ഇടയ്ക്കിടെ ഉണ്ടായി. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ചെറിയ മുതൽമുടക്കിൽ എടുത്ത് വലിയ നേട്ടം കൊയ്ത തണ്ണീർമത്തൻ ദിനങ്ങൾ. ലാഭത്തിൽ മുന്നിലും ഈ ചിത്രം തന്നെയാണ്. 2 കോടിയിൽ താഴെ മുതൽമുടക്കിൽ 15 കോടി കളക്ഷൻ നേടി. മുടക്കുമുതൽ തിരിച്ചുകിട്ടിയ 25 പടങ്ങളിൽ 8 എണ്ണം മാത്രമാണ് തിയേറ്ററിലെ കളക്ഷൻകൊണ്ടു തന്നെ അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളിൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപ്പെട്ടത്. 197 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. 2 കോടി മുടക്കുള്ള 80 ചിത്രങ്ങളുണ്ട്.
15പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങൾ
1. ഉയരെ
2. വൈറസ്
3. വാരിക്കുഴിയിലെ കൊലപാതകം
4. ലൂസിഫർ
5. ഉണ്ട
6. കുമ്പളങ്ങി നൈറ്റ്സ്
7. തമാശ
8. അമ്പിളി
9. തണ്ണീർമത്തൻ ദിനങ്ങൾ
10. മൂത്തോൻ
11. കെട്ട്യോളാണ് എന്റെ മാലാഖ
12. ജല്ലിക്കെട്ട്
13. വികൃതി
14. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
15. മാമാങ്കം
8ഹിറ്റ് ബ്രേക്കേഴ്സ്
1.വിജയ് സൂപ്പറും പൗർണമിയും
2. കുമ്പളങ്ങി നൈറ്റ്സ്
3. ലൂസിഫർ
4. ഉയരെ
5. തണ്ണീർമത്തൻ ദിനങ്ങൾ
6.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
7.കെട്ട്യോളാണെന്റെ മാലാഖ.
8. മാമാങ്കം
മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ മുൻനിര താരങ്ങൾക്കും 2019 വളരെ മികച്ച വർഷമായിരുന്നു. പൃഥ്വിരാജ്, മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമെടുത്തതും, 200 കോടി ക്ളബിലെത്തുന്ന ആദ്യ മലയാള സിനിമയായി അത് മാറിയതും കണ്ടു. ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന നിരവധി ചിത്രങ്ങൾ ഈ വർഷം തിയേറ്ററുകളിൽ എത്തിയിരുന്നെങ്കിലും ചിലതിന് പ്രതീക്ഷിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല.
പ്രതീക്ഷിച്ച വിജയം കിട്ടാതെ പോയവ
ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ആദിയ്ക്ക് ശേഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹൻലാൽ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. 2019 ജനുവരി 25 ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല.
പതിനെട്ടാം പടി
മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും പുതുമുഖ താരങ്ങളും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു പതിനെട്ടാംപടി. ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനം ചെയ്ത ചിത്രം വലിയ വരവറിയിച്ചാണ് എത്തിയതെങ്കിലും തിയേറ്ററുകളിൽ കാര്യമായ വിജയം കണ്ടില്ല. എന്നാൽ, ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറോളം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം ഏറ്റവും കൂടുതൽ പുതുമുഖങ്ങൾ ഉൾപ്പെടുന്ന മലയാള സിനിമ എന്ന ഖ്യാതിയോടെയാണ് തിയേറ്ററുകളിൽ എത്തിയത്.
ബ്രദേഴ്സ് ഡേ
പൃഥ്വിരാജിനെ നായകനാക്കി നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രദേഴ്സ് ഡേ. എന്നാൽ, ടീസറിന് ലഭിച്ച മികച്ച സ്വീകാര്യത ചിത്രത്തിന് തിയേറ്ററിൽ ലഭിച്ചില്ല. കോമഡി ആക്ഷൻ ത്രില്ലർ ഗണത്തിപ്പെട്ട ചിത്രം ഓണം റിലീസായിട്ടായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ട്രാഫിക്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ മിയ ജോർജ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരായിരുന്നു നായികമാർ.
ഒരു യമണ്ടൻ പ്രേമകഥ
ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ മടങ്ങിയെത്തിയ ചിത്രമായിരുന്നു ഒരു യമണ്ടൻ പ്രേമകഥ. ഒരു കോമഡി റൊമാന്റിക് ത്രില്ലർ ചിത്രമായിരുന്നു. ദുൽഖറനോടൊപ്പം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജ് കൂട്ടുകെട്ടും ഒന്നിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ, മുമ്പത്തെ പോലെ ഒരു ഹിറ്റ് ഒരുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല.
മാർക്കോണി മത്തായി
പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു മാർക്കോണി മത്തായി. ആത്മീയ രാജനായിരുന്നു നായിക. ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന മക്കൾ സെൽവൻ വിജയ് സേതുപതി ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു.
അഡാറ് ലവ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രമക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചർച്ചയായിരുന്നു. ആദ്യം പുറത്തിങ്ങിയ ചിത്രത്തിലെ ഗാനമായ "മാണിക്യ മലരായ പൂവി..." സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. എന്നാൽ, പാട്ടിന് ലഭിച്ച സ്വീകാര്യത തിയേറ്ററിൽ ചിത്രത്തിന് ലഭിച്ചില്ല.