k-surendran

തിരുവനന്തപുരം: കേരളത്തിൽ ക്രമസമാധാന നില തകർന്നെന്ന് കാണിച്ച് സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കിയാൽ കേന്ദ്ര സർക്കാർ വെറുതെയിരിക്കില്ലെന്നും കോൺഗ്രസിലെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കെ. സുരേന്ദ്രൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം

പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുമെന്ന് പറയുന്നത് ഭരണഘടന വിരുദ്ധമാണ്. നിയമ വിരുദ്ധമായ ഇക്കാര്യം അംഗീകരിക്കാനാകില്ല. നിയമം മറികടക്കാൻ രണ്ട് മാർഗങ്ങളാണ് മുന്നിലുള്ളത്. സുപ്രീംകോടതിയെ സമീപിച്ച് നിയമപരമായ പോരാട്ടം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്താം. അല്ലെങ്കിൽ പാർലമെന്റ് വീണ്ടും ചേർന്ന് ഇരുസഭകളിലും ഭൂരിപക്ഷം തെളിയിച്ച് നിയമം റദാക്കാം. ഇത് രണ്ടും ചെയ്യാതെ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന തരത്തിൽ പ്രകോപനപരമായ നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേരളം ഈ നിയമത്തെ ഒറ്റക്കെട്ടായി എതിർക്കുന്നു എന്ന വാദം വസ്തുതാപരമായി ശരിയല്ല. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രധാനപ്പെട്ട ഹൈന്ദവ-ക്രൈസ്തവ സംഘടനകളൊന്നും പങ്കെടുത്തിട്ടില്ല. നവോത്ഥാന മതിൽ പണിയാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന പുന്നല ശ്രീകുമാറും യോഗത്തിനെത്തിയില്ല. ഇത് വെറും രാഷ്ട്രീയ നടപടിയാണ്. നിയമത്തെ എതിർത്ത് അവർ തെരുവിൽ പ്രതിഷേധം നടത്തട്ടെ, ഞങ്ങൾ അതിന് എതിരല്ല. പക്ഷേ, നിയമസഭ ചേർന്ന് ഭരണഘടന വിരുദ്ധമായ ഒരു കാര്യം ചെയ്യുന്നത് ശരിയല്ല. അത്തരത്തിലുള്ള നീക്കം ഉണ്ടായാൽ കേന്ദ്രസർക്കാർ കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ട. ഭരണഘടനപരമായി കേന്ദ്രം അക്കാര്യം പരിശോധിക്കും. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാർ തങ്ങളുടെ അധികാരം പ്രയോഗിക്കുക തന്നെ ചെയ്യും.

ഇതെല്ലാം അതിന് തെളിവ്

കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. കത്തിന്റെ ഉള്ളടക്കം സൂക്ഷ്മമായാണ് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. ഗവർണർക്കെതിരായി തുടർച്ചയായി നടക്കുന്ന അതിക്രമമാണ് പ്രധാനമായും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുള്ളത്. തന്റെ എ.ഡി.എസിനെ തള്ളിമാറ്റിയതും പ്രോട്ടോക്കോൾ ലംഘനം നടന്നതുമെല്ലാം ഗവർണർ തന്നെ തുറന്നുപറഞ്ഞ കാര്യങ്ങളാണ്. എന്നിട്ടും സംസ്ഥാന സർക്കാർ അതിനെതിരെ നടപടി സ്വീകരിച്ചില്ല. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെയും മണിപ്പൂർ ഗവർണർ നജിമ ഹെപ്തുള്ളയ്ക്കെതിരെയും നടന്ന പ്രതിഷേധങ്ങൾ ഞങ്ങൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതിലൊന്നും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ്.

വെറുതെയിരിക്കില്ല

എല്ലാ ജില്ലകളിലും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് റാലികൾ സംഘടിപ്പിക്കുന്നുണ്ട്. മണ്ഡലാടിസ്ഥാനത്തിൽ സമ്മേളനങ്ങളും ഗൃഹസമ്പർക്കവും നടത്തും. ഗവർണറുടെ സുരക്ഷയിൽ ബി.ജെ.പിക്ക് ആശങ്കയുണ്ട്. ഗവർണർക്കെതിരായ സമരങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. തുടർച്ചയായ അതിക്രമങ്ങൾ കേരളത്തിൽ ഉണ്ടാവുകയാണെങ്കിൽ ഞങ്ങൾ തിരിച്ചടിക്കും. വെറുതെയിരിക്കാൻ എന്തായാലും ബി.ജെ.പിക്ക് ഉദേശ്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുകൊണ്ടുള്ള സ്പോൺസേർഡ് സമരങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇതിനെല്ലാം മറുപടി ബി.ജെ.പി നൽകിയിരിക്കും.

പ്രതിപക്ഷനേതാവ് സി.പി.എമ്മിന്റെ ബി ടീം

കോൺഗ്രസിലെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് പിണറായി വിജയൻ രാഷ്ട്രീയം കളിക്കുകയാണ്. അത് കോൺഗ്രസിനകത്തുള്ളവർക്ക് അറിയാമെന്നുള്ളത് കൊണ്ടാണ് ഒരു വിഭാഗം എതിർക്കുന്നത്. പ്രതിപക്ഷ നേതാവ് സി.പി.എമ്മിന്റെ ബീ ടീമായാണ് പ്രവർത്തിക്കുന്നത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.