sivagiri
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ,ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ സമീപം

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അഭിലാഷമായിരുന്ന ജാതി- വർഗ രഹിത സമൂഹം പടുത്തുയർത്തുന്നതിന് കൂട്ടായ യത്നം നടത്താൻ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 87-ാമത് മഹാതീർത്ഥാടനം ഇന്നലെ ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെ വാക്കുകൾ ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. മിശ്രവിവാഹവും മിശ്രഭോജനവും ഗുരുദേവൻ പ്രോത്സാഹിപ്പിച്ചു. ഗാന്ധിജിയും ഗുരുദേവനും ജാതീയത അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. അയിത്തോച്ചാടനത്തിനുള്ള ഗാന്ധിജിയുടെ പരിശ്രമങ്ങൾക്ക് ഊർജം ലഭിച്ചത് ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയിൽ നിന്നാണ്. എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളും അവസാനിപ്പിക്കണം. തൊട്ടുകൂടായ്മ കുറ്റകരമാണെന്ന് നമ്മുടെ ഭരണഘടനയിലുണ്ട്. എന്നാൽ ഇത് നടപ്പിലാവാൻ സമൂഹത്തിന്റെ മനോഭാവത്തിലാണ് മാറ്രം വരേണ്ടത്. ജാതി സമ്പ്രദായം ഇല്ലാതാക്കാനുള്ള ശ്രമം ഹൃദയത്തിന്റെ ഉള്ളിൽ നിന്നുണ്ടാവണം. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ എല്ലാമതത്തിലെയും നേതാക്കളും അചാര്യന്മാരും ചേരികളിലേക്കു പോകണം. പാവപ്പെട്ടവരെയും ജാതിയിൽ താഴ്ന്നവരെയും ഉയർത്തിക്കൊണ്ടുവരണം. എല്ലാവരെയും സമന്മാരായി കാണണം.

ശിവഗിരിയിൽ വന്ന് പ്രാർത്ഥിച്ചതു കൊണ്ട് മാത്രമായില്ല, ഗുരുദേവന്റെ വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും കുട്ടികൾക്ക് പകർന്നു നൽകാനും കഴിയണം. മലയാളികൾ മാതൃഭാഷയിൽ അഭിമാനിക്കണം. മലയാളം അറിയുന്നവരോടെല്ലാം മലയാളത്തിലേ സംസാരിക്കാവൂ.

മറ്റ് ഭാഷകൾ പഠിക്കുന്നത് നല്ലതാണ്. എന്നാൽ അവ കണ്ണട മാത്രമാണ്. കണ്ണ് മാതൃഭാഷയാണ്. വിദ്യ സമ്പാദനവും അത് മറ്രുള്ളവക്ക് പകർന്നു നൽകലുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ഗുരു മഹാനായ സന്യാസി മാത്രമല്ല, തത്വചിന്തകനും വിപ്ലവകാരിയായ മനുഷ്യത്വ വാദിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു. അദ്ദേഹം ഹിന്ദുസന്യാസിയായിരുന്നെങ്കിലും മറ്രെല്ലാ മതങ്ങളെയും ഒരുപോലെ പരിഗണിച്ചിരുന്നു. ബ്രാഹ്മണനും പറയനും മനുഷ്യസ്ത്രീക്ക് പിറന്നവരാണ്. ഒരേ ജാതിയാണ്.

ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനം 1924ൽ ആലുവയിൽ വിളിച്ചു ചേർത്തത് ഗുരുവാണ്. മതപരമായ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഹിംസ ഉപേക്ഷിക്കാനും ഗുരു ആഹ്വാനം ചെയ്തു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വചനത്തിലൂടെ അദ്വൈതത്തിന്റെ യഥാർത്ഥ സന്ദേശം ജനങ്ങളിലെത്തിച്ചു. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം നിരവധി ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ ഗുരു നിർവഹിച്ചു. പിന്നീട് വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനയിലൂടെ ശക്തരാവുക, വ്യവസായത്തിലൂടെ അഭിവൃദ്ധി നേടുക എന്ന തത്വം മുന്നോട്ടു വച്ചു. 'ഞാൻ ലോകത്ത് പലയിടത്തും പോയിട്ടുണ്ട്. എന്നാൽ ശ്രീനാരായണ ഗുരുവിനെക്കാൾ ആദ്ധ്യാത്മിക ചൈതന്യമുള്ള മറ്റൊരു ഗുരുവിനെയും കണ്ടിട്ടില്ല' എന്ന് 1922ൽ വർക്കലയിൽ ഗുരുവിനെ സന്ദർശിച്ച രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് എത്രയോ ശരിയാണ്- ഉപരാഷ്ട്രപതി പറഞ്ഞു.

ശിവഗിരി മഠം പ്രസിദ്ധീകരിക്കുന്ന ഗുരുദേവ കൃതികളും സ്വാമി വിശുദ്ധാനന്ദ രചിച്ച ജീവിതം ധന്യമാകട്ടെ എന്ന പുസ്തകവും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അദ്ധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവരും സംസാരിച്ചു. ​ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ഖജാൻജി സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ,​ വർക്കിംഗ് ചെയർമാൻ കെ.ജി.ബാബുരാജ് എന്നിവരും സംബന്ധിച്ചു.