1
തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ലോക കേരള സഭയുടെ ഭാഗമായുളള ആഗോള മാധ്യമ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു .ബേബിമാത്യു സോമതീരം,സരസ്വതി ചക്രബർത്തി,ജേക്കബ് തോമസ്,ആർ.എസ്.ബാബു,സോഹൻ റോയ്,ഓ.അബ്ദുറഹ്മാൻ,കെ.വരദരാജൻ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തനം കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകകേരള സഭയുടെ ഭാഗമായുള്ള ആഗോള മാദ്ധ്യമ സംഗമം മസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് മാദ്ധ്യമപ്രവർത്തനം ഏറ്റവും വിലപ്പെട്ട സാമൂഹ്യപ്രവർത്തനമായിരുന്നു. എന്നാലിപ്പോൾ സേവനമെന്നതിനെക്കാൾ തൊഴിൽമേഖല എന്ന നിലയിലേക്ക് മാദ്ധ്യമപ്രവർത്തനം മാറിക്കഴിഞ്ഞു. മൂല്യങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിന് എന്തുചെയ്യാമെന്ന് സ്വയംവിമർശനാത്മകമായി മാദ്ധ്യമപ്രവർത്തകർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്രാജ്യത്വ രാജ്യങ്ങളിലെ വാർത്താ ഏജൻസികൾ വികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുകയാണ്. ഇത് ഗൗരവമായി കാണണം. അത്തരം ഏജൻസികൾ വാർത്തകളിൽ രാഷ്ട്രീയം കലർത്തുന്നു. വാർത്താ ഏജൻസികൾക്ക് പലതരത്തിലുള്ള ബിസിനസ് താത്പര്യങ്ങളുണ്ട്. അങ്ങനെ വിന്യസിക്കപ്പെടുന്ന വാർത്തകൾക്ക് ഒരുപക്ഷേ ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്താനോ സംഘർ‌ഷങ്ങളിലേക്ക് നയിക്കാനോ കഴിയും. മനുഷ്യരാശിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല തങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്ന ഏജൻസികളുടെ നിലപാട് സാമ്രാജ്യത്വ അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകേരള സഭയുടെ സമീപന രേഖ പ്രവാസി സംവിധായകൻ സോഹൻ റോയിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായി. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ തോമസ് ജേക്കബ്,​ ജനയുഗം എഡിറ്റർ രാജാജി മാത്യൂ തോമസ്,​ മാധ്യമം പത്രത്തിന്റെ ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ,​ നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ,​ ബേബിമാത്യു സോമതീരം, സരസ്വതി ചക്രബർത്തി,​ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി.റെജി,​ മാദ്ധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു. അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല സ്വാഗതം പറഞ്ഞു.