mullappally

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മുമായി ചേർന്ന് സംയുക്ത പ്രക്ഷോഭം വേണ്ടെന്ന തന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മുമായി ചേരേണ്ടതില്ലെന്ന തന്റെ നിലപാടാണ് ഹൈക്കമാൻഡ് അംഗീകരിച്ചത്. സി.പി.എമ്മുമായി ചേർന്ന് സംയുക്ത പ്രക്ഷോഭം നടത്താൻ പോയവർക്ക് അത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. തുടർന്നാണ് അവർ അത് തിരുത്തിയത്. ഇനി സി.പി.എമ്മുമായി ചേർന്ന് സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റേതാണ് പാർട്ടിയുടെ അന്തിമ വാക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ആ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. മുല്ലപ്പള്ളി കേരള കൗമുദി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

തനിക്ക് പൂർണ പിൻതുണ

പൗരത്വ വിഷയവുമായി ബന്ധപ്പെട്ട സംയുക്ത സമരത്തിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അത്തരമൊരു ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ സി.പി.എം വിജയിച്ചു എന്നതാണ് സത്യം. എന്നാൽ, പിന്നീട് അതെല്ലാം മാറി. കേരളത്തിൽ വന്ന പി.ചിദംബരം പ്രതിപക്ഷ നേതാവിനെ ഇരുത്തികൊണ്ടാണ് കെ.പി.സി.സിയിൽ വച്ച് കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് ഫൈറ്റെന്ന് നിസംശയം പറഞ്ഞത്. ഞാനെടുത്ത നിലപാടാണ് ശരിയെന്ന് വ്യക്തമായി ന്യായീകരിക്കുന്ന തരത്തിലാണ് ചിദംബരം സംസാരിച്ചത്. കേരളത്തിൽ കെ.പി.സി.സി പ്രസിഡന്റ് പറയുന്നതാണ് ശരിയെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി. ഞാനെടുത്ത നിലപാടിന് ഹൈക്കമാൻഡ് പൂർണ പിന്തുണയാണ് നൽകിയത്. രമേശ് ചെന്നിത്തലയുടെ ഉദ്ദേശ ശുദ്ധിയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. ഒറ്റക്കെട്ടായി കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ, സി.പി.എമ്മുമായി ചേർന്ന് സമരം നടത്തിയത് പാർട്ടിയുടെ നിലപാടിന് ഘടക വിരുദ്ധമാണ്. ഫേസ്ബുക്കിൽ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്റെ പൊതുപ്രവർത്തനത്തെ ഫേസ്ബുക്കിലെ അഭിപ്രായങ്ങൾ ഒരിക്കലും അലട്ടിയിട്ടില്ല. ഞാൻ ജീവിക്കുന്ന പ്രദേശത്തെ ഓരോ കോൺഗ്രസുകാരന്റെയും വികാരം എനിക്കറിയാം. പ്രവർത്തകർ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എന്നോടൊപ്പമുണ്ട്. ഞാനാണ് ശരിയെന്ന് അവർക്കറിയാം.

എതിർപ്പിന്റെ പിന്നിൽ എന്ത് ?

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ എന്റെ നിലപാട് വളരെ വ്യക്തമാണ്. ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങൾ രാജ്യം മുഴുവൻ നടത്തിയ ഏക പ്രസ്ഥാനം കോൺഗ്രസാണ്. നരേന്ദ്രമോദിയുടെ യഥാർത്ഥ മുഖം ഞങ്ങളാണ് ജനങ്ങൾക്ക് തുറന്നുകാട്ടി കൊടുത്തത്. മോദി വന്നശേഷം കഴിഞ്ഞ അഞ്ചര വർഷം കേരളത്തിലടക്കം കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളുടെ നാൾവഴികൾ നിങ്ങൾ പരിശോധിക്കണം. ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനുവരിയിൽ വലിയ പ്രക്ഷോഭങ്ങളാണ് നടക്കാൻ പോകുന്നത്. ജനുവരി പത്തിനകം എല്ലാ കോൺഗ്രസ് എം.പിമാരും അവരവരുടെ മണ്ഡലങ്ങളിൽ ലോംഗ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. എന്റെ നിലപാടിനെ വൈകാരികമായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

എന്റെ മന:സാക്ഷിക്കെതിര്

നരേന്ദ്രമോദി വന്നാൽ രാജ്യത്ത് സംഭവിക്കാൻ പോകുന്ന ഓരോ കാര്യങ്ങളെപ്പറ്റിയും അക്കമിട്ട് പറഞ്ഞ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെ തുറന്നുകാട്ടിയത് രാഹുൽഗാന്ധിയാണ്. മതേതര ജനാധിപത്യ മുന്നേറ്റത്തിനൊപ്പം ഇടത് പാർട്ടികളും ചേരണമെന്നും അവർ മാറി നിൽക്കാൻ പാടില്ലെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. അത് വോട്ട് ഷെയറിന് വേണ്ടിയോ സീറ്റ് ഷെയറിന് വേണ്ടിയോ ആയിരുന്നില്ല. ഒരുമിച്ച് നിന്ന് ലക്ഷ്യസ്ഥാനത്തെത്താനായിരുന്നു ആ നീക്കം. സീതാറാം യെച്ചൂരിയും സുധാകർ റെഡ്ഢിയും ഞങ്ങൾക്കൊപ്പം വന്ന് വേദി പങ്കിട്ടു. എന്നാൽ, ചടങ്ങ് നടന്ന് മൂന്നാം ദിവസം ആ നീക്കം പൊളിഞ്ഞു. കേരളത്തിൽ നിന്നുള്ള സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും എതിർപ്പ് കാരണമായിരുന്നു അത് പൊളിഞ്ഞത്. കേരളഘടകം പ്രകാശ് കാരാട്ടിനെ കൂട്ടു പിടിച്ച് യെച്ചൂരിക്കെതിരെ നിലപാടെടുത്തു. തുടർന്ന് അവരെല്ലാം കൂടി രാഹുലിനെ താഴ്‌ത്തികെട്ടി സംസാരിച്ചു. ആ സി.പി.എമ്മുമായി ഇത്തരമൊരു പ്രശ്നത്തിൽ വേദി പങ്കിടാൻ എന്റെ മന:സാക്ഷി അനുവദിക്കില്ല.

സർക്കാർ എന്തിന് ഗവർണറെ പേടിക്കുന്നു?
കേരള ഗവർണറെ എന്തിനാണ് സംസ്ഥാന സർക്കാർ പേടിക്കുന്നത് ? ഗവർണർക്കെതിരെ പ്രതിഷേധങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് മോദിയെ പേടിച്ചാണ്. ഭരണഘടനാ കാര്യങ്ങൾ കൃത്യമായി നടപ്പാക്കേണ്ടത് ഗവർണറാണ്. സംസ്ഥാനത്തിന്റെ അധിപനാണ് അദ്ദേഹം. എന്നാൽ, അതെല്ലാം മറന്ന് മോദിയുടെ സ്തുതിപാഠകനായി അദ്ദേഹത്തിന്റെ മഹിമകൾ വാഴ്ത്താനാണ് ആരിഫ് മുഹമ്മദ്ഖാൻ ശ്രമിക്കുന്നത്. ഭരണഘടനയുടെ താത്പര്യങ്ങൾക്കെതിരായി പ്രവർത്തിക്കരുതെന്ന് എന്തുകൊണ്ട് ഇതുവരെ മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞില്ല ? ഈ സംസ്ഥാനത്തിന്റെ പ്രതിനിധിയല്ലേ മുഖ്യമന്ത്രി ? എന്തിനാണ് ഈ ഒളിച്ചുകളി? മോദിക്കും അമിത്ഷായ്ക്കുമെതിരെ ശക്തമായ ഒരു വാക്ക് പിണറായി പറയുമോ ? സായിപ്പിന് മുന്നിൽ കവാത്ത് മറക്കും പോലെ മോദിക്ക് മുന്നിൽ പിണറായി ഒരക്ഷരം ഉരിയാടില്ല എന്നതാണ് സത്യം.

പുന:സംഘടന ഉടൻ

കെ.പി.സി.സി, യൂത്ത് കോൺഗ്രസ് പുന:സംഘടനകളെപ്പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് പുന:സംഘടനകളും ഉടനുണ്ടാകും.