ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കനാൽ വൃത്തിയാക്കലുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് ജോലിയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ബാലരാമപുരം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. വ്യാജരേഖയുണ്ടാക്കി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കേണ്ട നാലേകാൽ ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ ധർമവീർ ത്സായുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് അവലോകനത്തിൽ നടത്തിയ പരിശോധനയിലാണ് പദ്ധതിക്കു വിരുദ്ധമായി ബാലരാമപുരം പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചെന്ന് കണ്ടെത്തിയത്. തുക അടിയന്തരമായി തിരികെയടക്കാൻ പഞ്ചായത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ട സാഹചര്യത്തിൽ വ്യാജരേഖ ചമച്ച് സർക്കാർ ഫണ്ട് തട്ടിയെടുത്ത ഇടനിലക്കാരിൽ നിന്നും പണം തിരികെ അടപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് ഉപരോധം. എന്നാൽ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും തിരികെയടക്കാനാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനം റദ്ദാക്കണമെന്നും ജനങ്ങളുടെ നികുതി പണം തട്ടിപ്പുകാർക്ക് ഒത്താശ ചെയ്യുന്നതിലേക്കായി വിനിയോഗിക്കാനാണ് നീക്കമെങ്കിൽ തുടർ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി പോൾ പറഞ്ഞു. കോൺഗ്രസ് നേതാവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.രവീന്ദ്രൻ, കെ.തങ്കരാജൻ, കരീം, ആനന്ദകുമാർ, അമ്പിളി, സാജൻ, രതീഷ്, നെല്ലിവിള സുരേഷ്, ഷിബു എന്നിവർ പങ്കെടുത്തു