ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ പ്രബുദ്ധ കേരളത്തിന്റെ അഭിമാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജാതി,മത,ലിംഗ, വർണ വ്യത്യാസമില്ലെന്ന് മനുഷ്യരെ ഉത്ബോധിപ്പിക്കുന്ന തീർത്ഥാടനം ഗുരുദേവൻ കൽപ്പിച്ച പ്രകാരം തുടരുന്ന ശിവഗിരി ധർമ്മസംഘം ട്രസ്റ്റിനെ ഗവർണർ അഭിനന്ദിച്ചു. കൃപ, സ്‌നേഹം, അനുകമ്പ എന്നീ മൂന്ന് വചനങ്ങൾ കൊണ്ട് ലോകത്തെ മുഴുവൻ സമത്വവും സഹോദര്യവും പഠിപ്പിച്ച വിശ്വഗുരുവാണ് ശ്രീനാരായണഗുരു. ഗുരു ആവിഷ്‌കരിച്ച ഏകതയും ആത്മീയതയും അടിസ്ഥാനമാക്കിയുള്ള തീർത്ഥാടനം സമൂഹിക ഐക്യത്തിന്റെ സന്ദേശം പകരുന്നു. ശ്രീബുദ്ധന്റെ സമാധാനവും ക്രിസ്തുവിന്റെ സ്‌നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ഭാരത ഋഷി ആചാര്യന്മാരുടെ ആത്മീയതയും സംയോജിപ്പിച്ചാണ് ഗുരു തന്റെ ആശയങ്ങൾ വിഭാവനം ചെയ്തത്. ശ്രീബുദ്ധന്റെ പഞ്ചശുദ്ധി തീർത്ഥാടനത്തിന് വേണമെന്ന് ഗുരു നിഷ്‌കർശിച്ചത് അതിന് ഉദാഹരണമാണ്.
എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പഠിപ്പിച്ച ഗുരു, അവയുടെ അന്ത:സത്ത ഒന്നാണെന്ന് കണ്ടു. വിദ്യ കൊണ്ട് മനസ്സിനെ ശുദ്ധീകരിക്കുക, സംഘടന കൊണ്ട് ശക്തിപ്പെടുക , വ്യവസായത്തിലൂടെ അഭിവൃദ്ധി നേടുക എന്നീ ആശയങ്ങൾ ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. വിദ്യാദേവത കൂടിയുള്ള ശിവഗിരിയിലേക്കുള്ള തീർത്ഥാടനം അറിവ് കൊണ്ട് ശുദ്ധീകരിക്കാൻ കൂടിയുള്ളതാണ്. തീർത്ഥാടനത്തിന് എട്ട് ആശയങ്ങൾ മുന്നോട്ട് വച്ചത് വ്യക്തിത്വ വികസനവും പുരോഗതിയും ലക്ഷ്യമിട്ടാണ്. ജാതീയതയ്‌ക്കെതിരായ ഗുരുവചനങ്ങൾ വിപ്ലവകരമായ മാറ്റമാണ് വരുത്തിയത്. അരുവിപ്പുറത്ത് ഗുരു നടത്തിയ ശിവപ്രതിഷ്ഠ സ്വതന്ത്റ ചിന്തയ്ക്കും സാമൂഹ്യ പരിഷ്‌കരണത്തിനും തറക്കല്ലിടലായിരുന്നു. ക്ഷേത്രത്തിലെ ദീപപ്രതിഷ്ഠ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചം പകരാനുള്ള നിർദ്ദേശമായിരുന്നു. കണ്ണാടി പ്രതിഷ്ഠയിലൂടെ സ്വയം തിരിച്ചറിയാൻ ലോകത്തോട് പറഞ്ഞു. മാതൃകാസ്ഥാനം സ്ഥാപിച്ചതിലൂടെ സാമൂഹ്യസമത്വത്തിനും സാഹോദര്യത്തിനും ഗുരു വഴിതെളിച്ചു - ഗവർണർ പറഞ്ഞു.