new-year

തിരുവനന്തപുരം: പുതുവർഷപ്പുലരിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഇന്നത്തെ രാവിന് ആഘോഷപ്പൊലിമയാണ്. ഇതിനായി ബീച്ചുകളും ക്ളബുകളും ഹോട്ടലുകളും തയ്യാറെടുത്ത് നിൽക്കുകയാണ്. ആഘോഷങ്ങൾ പരിധി വിടാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ പകൽ മുതൽ ആഘോഷം തുടങ്ങുമെങ്കിലും സന്ധ്യ മുതലാണ് കൊഴുക്കുന്നത്. പണ്ടത്തെപ്പോലെ വെളുക്കുവോളം ആഘോഷിച്ച് രസിക്കാമെന്ന് വിചാരിക്കേണ്ട. 12 മണിക്ക് പുതുവർഷം പിറന്നുകഴിഞ്ഞാൽ ആഘോഷത്തിന് ഫുൾ സ്റ്റോപ്പിടണമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. മദ്യപിച്ചും ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും വാഹനങ്ങൾ ഓടിക്കുന്നവരെ പൊക്കും.

കോവളം കനത്ത സുരക്ഷയിൽ

fds

സഞ്ചാരികളുടെ പ്രിയപ്പെട്ട കോവളത്ത് പുതുവത്സരം ആഘോഷിക്കാൻ ആയിരക്കണക്കിന് പേർ എത്തുമെന്നാണ് കണക്കാക്കുന്നത്. ആഘോഷം മുറുകുമ്പോഴും കനത്ത സുരക്ഷയിലാവും കോവളം ബീച്ച്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഘോഷ യാത്രയും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലയിൽ ഏറ്റവുമധികംപേർ എത്തുന്ന സ്ഥലമാണ് കോവളം. മൂന്നു സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 300 പേർ അടങ്ങുന്ന പൊലീസ് സംഘത്തെയാണ് വിന്യസിക്കുക. 20 സി.സി ടിവി കാമറകൾ തീരത്തു സ്ഥാപിച്ചു കഴിഞ്ഞു. ഹവാ ബീച്ചിലുള്ള കൺട്രോൾ റൂം വഴി ആഘോഷ പരിപാടികൾ മുഴുവൻ നിരീക്ഷിക്കും. മുൻ കാലങ്ങളിലുള്ളതുപോലെ പട്രോളിംഗിന് കുതിര പൊലീസും ഉണ്ടാകും. ലൈഫ് ഗാർഡുമാരുടെ സേവനവും തീരത്ത് ഉറപ്പുവരുത്തും.

തിരുവല്ലം ജംഗ്‌ഷൻ മുതൽ കോവളം വരെ രാവിലെ മുതൽ കർശന വാഹന പരിശോധന നടക്കും. വലിയ വാഹനങ്ങൾ കോവളം ജംഗ്‌ഷനിൽ ബൈപ്പാസിൽ പാർക്ക് ചെയ്യണം. ഹവ്വ ബീച്ചിലേക്കുള്ള റോഡ് രാവിലെ മുതൽ വൺവേ ആയിരിക്കും. ആഘോഷ പരിപാടി കഴിഞ്ഞു വാഹനങ്ങളിൽ പോകുന്നവർ ആഴകുളം റോഡ് ഉപയോഗിക്കണം.

ഇത്തവണ ലൈറ്റ് അണച്ച് കൊണ്ടുള്ള ആഘോഷം വേണ്ടെന്നു ഹോട്ടലുകാർക്കും മറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തുന്ന തരത്തിൽ മുൻകാലങ്ങളിൽ ഉയർന്ന പരാതികൾ പരിഗണിച്ചാണ് ഇത്തരമൊരു നിർദ്ദേശം. ആഘോഷങ്ങൾ കഴിഞ്ഞ ഉടൻ തീരം വിടണമെന്നാണ് പൊലീസ് പറയുന്നത്.

സുന്ദരിയായി ശംഖുംമുഖം

s

ജില്ലയിൽ ആഘോഷങ്ങളുടെ മറ്റൊരു കേന്ദ്രമായ ശംഖുമുഖം ബീച്ചിൽ പഴുതടച്ച സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മഴക്കാലത്തു വലിയ തോതിൽ തകർന്ന തീരം ഇപ്പോൾ വെള്ള മണൽ വിരിച്ച് സുന്ദരിയായിട്ടുണ്ട്. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ 250 പേർ സുരക്ഷയ്ക്കായി ശംഖുംമുഖത്ത് ഉണ്ടാകും. മഫ്ടി പൊലീസുകാരും നിരീക്ഷിക്കും. മുൻ വർഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും 12 മണിയ്ക്കുശേഷം സന്ദർശകരെ മുഴുവൻ തീരത്തു നിന്ന് ഒഴിപ്പിക്കും. വേളി, വെട്ടുകാട് എന്നിവിടങ്ങളിൽ പെട്രോളിംഗ് ഉണ്ടാകും

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ കരുതി കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളോടനുബന്ധിച്ച് ബീച്ചിൽ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി സമയത്ത് കടലിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ട്. ഇത് നിരീക്ഷിക്കാനായി ലൈഫ് ഗാർഡുമാരുടെ സഹായം കൂടി തേടും. കൂടുതൽ സി.സി.ടി. വി കാമറകൾ താത്കാലികമായി സ്ഥാപിച്ചു.

വർക്കലയിൽ കർശന സുരക്ഷ

sfd

ജില്ലയിൽ കോവളം കഴിഞ്ഞാൽ ഏറ്റവുമധികം സഞ്ചാരികൾ പുതുവത്സരം ആഘോഷിക്കാൻ എത്തുന്ന ഇടമാണ് വർക്കല ക്ലിഫ് ബീച്ച്. കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 150 പൊലീസുകാരെയാണ് ബീച്ചിൽ വിന്യസിപ്പിക്കുക. സായുധ പൊലീസുകാർ ഉൾപ്പെടെ സംഘത്തിലുണ്ടാകും. ശല്യക്കാരെ പിടികൂടാൻ മഫ്ടി വേഷത്തിൽ വനിത, പുരുഷ പൊലീസുകാരും ഉണ്ടാകും. പ്രശ്നമുണ്ടാക്കിയാൽ അപ്പോൾ തന്നെ ഇത്തരക്കാരെ മഫ്ടി പൊലീസ് പൊക്കും.

മദ്യപിച്ച് ബീച്ചിലെത്തുന്നത് തടയാൻ പത്ത് കേന്ദ്രങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാകും. മദ്യപിച്ചിട്ടില്ലെന്നു പരിശോധനയിൽ ബോദ്ധ്യപ്പെട്ടാൽ മാത്രമേ ബീച്ചിലേക്ക് പ്രവേശിക്കാനാകൂ. പിടിക്കപ്പെട്ടാൽ പുതുവർഷം സ്റ്റേഷനിൽ ആഘോഷിക്കേണ്ടതായി വരും എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പന്ത്രണ്ട് മണിക്കുശേഷം എല്ലാവരും ബീച്ചിൽ നിന്ന് പോകണം. ഹോട്ടലുകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. മോശം ഭക്ഷണം നൽകരുതെന്ന് ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.