പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അരുതാത്തത് പലതുമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കണ്ണൂർ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ചരിത്ര കോൺഗ്രസിൽ അരങ്ങേറിയ സംഭവങ്ങൾ കേരളത്തിന് തീർത്താൽ തീരാത്ത കളങ്കമുണ്ടാക്കി. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർ വേദിയിൽ അപമാനിതനായെന്നുമാത്രമല്ല, കവിഞ്ഞതോതിൽ സുരക്ഷാ വീഴ്ചയുമുണ്ടായി. വേദിയിൽ നിന്നും സദസ്സിൽ നിന്നും ഉയർന്ന പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടയിൽ പ്രസംഗം തടസ്സപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ചരിത്ര കോൺഗ്രസ് പ്രസിഡന്റ് ഗവർണർക്കുനേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുകപോലുമുണ്ടായി. അന്തസോടും പ്രൗഢിയോടുംകൂടി നടക്കേണ്ടിയിരുന്ന ഒരു ചടങ്ങ് ഇത്തരത്തിൽ അലങ്കോലപ്പെട്ടത് സംഘാടകരുടെ ഭാഗത്തുണ്ടായ വലിയ വീഴ്ചതന്നെയാണ്. അങ്ങേയറ്റം നിർഭാഗ്യകരമായ ഇൗ സംഭവത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഒരു ഏറ്റുമുട്ടലിന്റെ അസുഖകരമായ പാതയിലേക്ക് നീങ്ങുന്നത് വിവേകപൂർവം ഒഴിവാക്കുകതന്നെ വേണം. കണ്ണൂരിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതിനകം ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സുരക്ഷാവീഴ്ചയിലും പ്രോട്ടോകാൾ ലംഘനത്തിലും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാകാം പൗരത്വനിയമത്തിനെതിരായ പ്രതിഷേധം അതിരുവിടരുതെന്നും അങ്ങനെയുണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. ഗവർണർ മാത്രമല്ല, കണ്ണൂരിൽ നാണംകെട്ടത് ചരിത്രം കൂടിയാണ്.
വിയോജിപ്പും പ്രതിഷേധവുമൊക്കെ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. എന്നാൽ ഇഷ്ടമില്ലാത്ത കാര്യത്തിൽ പ്രതിഷേധത്തിനിറങ്ങുമ്പോൾ എതിർചേരിയിലുള്ളവരുടെ അഭിപ്രായംകൂടി മാനിക്കാനുള്ള ഹൃദയവിശാലത കാണിക്കണം. അപ്പോഴേ ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് ഉൗറ്റം കൊള്ളാനാവൂ. പദവി മറന്ന് ഗവർണർ പൗരത്വ നിയമത്തിനനുകൂലമായി പാടിനടക്കുന്നു എന്നാണ് ആക്ഷേപം. പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്ത ഒരു നിയമത്തെ ഉയർത്തിപ്പിടിക്കേണ്ടത് തന്റെ കടമയാണെന്നും അത് പറയേണ്ട സന്ദർഭം വന്നതുകൊണ്ടുമാത്രമാണ് അതിന് തുനിഞ്ഞതെന്നുമാണ് ഗവർണറുടെ വിശദീകരണം. മുൻപ് ഇരുന്ന ഗവർണർമാരാരും ഇത്തരത്തിൽ പരസ്യമായി രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നാണ് വിമർശകരുടെ വാദം. എന്നാൽ എല്ലാ ഗവർണർമാരും ഒരുപോലെയാകണം എന്ന് ശഠിക്കാനാവില്ലല്ലോ. പ്രത്യേകിച്ചും സംഭവബഹുലമായ രാഷ്ട്രീയ പശ്ചാത്തലവും അനുഭവജ്ഞാനവുമുള്ള ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ആൾക്ക് തന്റെ അധികാരാവകാശങ്ങളുടെ സീമയെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും പൗരത്വ നിയമപ്രശ്നത്തിൽ ഒന്നിച്ചുനിന്നു പോരാടുകയാണ് . നിയമത്തെ അനുകൂലിച്ചുകൊണ്ട് ഗവർണർ ഇടയ്ക്കിടെ നടത്തുന്ന പരസ്യപ്രസ്താവനകൾ ഇരുപക്ഷത്തെയും ഒരുപോലെ പ്രകോപിപ്പിച്ചത് തികച്ചും സ്വാഭാവികമാണ്. ഇൗ വികാരം സംസ്ഥാന ഭരണത്തലവൻ എന്ന നിലയ്ക്ക് ഗവർണർ മനസ്സിലാക്കേണ്ടതായിരുന്നു. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള ബാദ്ധ്യത വെടിയാതെതന്നെ വിവാദങ്ങളിൽ തലയിടാതിരിക്കാനുള്ള വിവേകവും ബുദ്ധിയും പുറത്തെടുക്കുമ്പോഴാണ് പദവിയുടെ അന്തസ്സ് കൂടുതൽ ഉയരുന്നത്. പൗരത്വ നിയമത്തിന്റെ ഗുണഗണങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ട ബാദ്ധ്യതയൊന്നും ഗവർണർക്കില്ല. അതിന് ചുമതലപ്പെട്ട ആൾക്കാർ വേറെ ഉണ്ട്. സാങ്കേതികമായെങ്കിലും തന്റെ കീഴിലുള്ള സംസ്ഥാന സർക്കാരുമായി സൗഹൃദവും ഉൗഷ്മളതയും നിറഞ്ഞ ഒരു ബന്ധം നിലനിറുത്താൻ ഗവർണർക്ക് കഴിയണം. ജനങ്ങളുടെ കൂറും വിശ്വാസവും അവർ തിരഞ്ഞെടുത്ത ജനകീയ സർക്കാരിനോടായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല.
പൗരത്വ നിയമത്തിനെതിരെ ഇവിടെ ഭരണപക്ഷക്കാരും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിനുള്ള ആലോചനകൾ നടത്തുകയാണ് ഇന്ന് നിയമസഭയുടെ അസാധാരണയോഗവും വിളിച്ചുചേർത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ സംവരണം ദീർഘിപ്പിച്ചുകൊണ്ടുള്ള കേന്ദ്രനിയമം അംഗീകരിക്കാൻ വേണ്ടിയാണ് സമ്മേളനം ചേരുന്നതെന്ന് അറിയിപ്പുണ്ടെങ്കിലും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനും ഉദ്ദേശ്യമുണ്ടെന്ന് കേൾക്കുന്നു. ഇതിലെ അനൗചിത്യം വിവേകമതികൾ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രക്ഷോഭച്ചൂടിൽ എല്ലാം മറന്നുനിൽക്കുന്നവർ അത് കേൾക്കുമോ എന്ന് നിശ്ചയമില്ല. വിവേകം വികാരങ്ങൾക്ക് വഴിമാറുന്നതുകൊണ്ടുണ്ടാകുന്ന അലോഹ്യങ്ങൾ സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. സഹിഷ്ണുതയെക്കുറിച്ച് പറയുമ്പോൾത്തന്നെ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിൽ പത്തിവിടർത്തിയാടുന്ന കാഴ്ചയാണ് ചുറ്റിനും. പൊതുവേദിയിൽ ഗവർണർ അവഹേളിക്കപ്പെട്ടതും ക്ഷേത്രദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി പലേടത്തും പ്രതിഷേധക്കാരെ നേരിടേണ്ടിവന്നതുമൊക്കെ സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും നിരക്കാത്ത കാര്യങ്ങളാണ്. പ്രതിഷേധ മുറകൾ അതിരുവിടാതിരിക്കാൻ പാർട്ടി നേതൃത്വങ്ങൾ കീഴ്ഘടകങ്ങൾക്ക് കർക്കശ നിർദ്ദേശം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.